ശ്രീകാര്യം: പാങ്ങപ്പാറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വഞ്ചിയൂർ അമ്പലത്തുമുക്ക് സ്വദേശി സുനിൽ. ആർ (45), എറണാകുളം സ്വദേശിനി റൂബി ബാബു (28) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. സുനിൽ തന്റെ ഒരു സുഹൃത്തിനെ വിളിച്ച് റൂബി വീട്ടിൽ തൂങ്ങിമരിച്ചെന്നും താനും ജീവനൊടുക്കാൻ പോകുകയാണെന്ന് അറിയിക്കുകയായിരുന്നു. താൻ ആത്മഹത്യ ചെയ്‌ത വിവരം ഒരു മണിക്കൂർ കഴിഞ്ഞ് പൊലീസിൽ അറിയിക്കണമെന്ന് സുനിൽ സുഹൃത്തിനോട് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. സുഹൃത്ത് ഉടൻ തന്നെ വിവരം ശ്രീകാര്യം പൊലീസിൽ അറിയിച്ച ശേഷം സുനിൽ താമസിക്കുന്ന വാടക വീട്ടിലെത്തിയെങ്കിലും താഴത്തെ നിലയിൽ റൂബിയും ഒന്നാം നിലയിൽ സുനിലും തൂങ്ങിയ നിലയിലായിരുന്നു.
പൊലീസെത്തി ഇരുവരെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർ വീട് വാടകയ്ക്കെടുത്ത് താമസമാക്കിയത്. റൂബി ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസ് പരിശോധന നടത്തി വീട് സീൽ ചെയ്‌തു. ഇന്ന് ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. കുടുംബപ്രശ്‌നങ്ങളാകാം പിന്നിലെന്ന് കരുതുന്നതായി ശ്രീകാര്യം പൊലിസ് പറഞ്ഞു.