pepparadam

വിതുര: പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാവിലെ 6ന് ഡാമിലെ നാല് ഷട്ടറുകളും അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തി. തുടർന്ന് പത്തിനും, ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനും,രാത്രി പത്തിനുമായി വീണ്ടും അഞ്ച് സെന്റിമീറ്റർ വീതം ഷട്ടറുകൾ ഉയർത്തി. ആകെ നൂറ് സെന്റിമീറ്റർ വെള്ളമാണ് തുറന്നുവിട്ടത്. ഡാമിന്റെ സംഭരണശേഷി 110 മീറ്റർ ആണ്. ഇന്നലെ ഡാം തുറക്കുന്നതിന് മുൻപ് 106 മീറ്റർ ജലനിരപ്പ് ഉണ്ടായിരുന്നു. സാധാരണ 107 മീറ്റർ ജലനിരപ്പ് ഉയരുമ്പോഴാണ് ഡാമിലെ ഷട്ടറുകൾ ഉയർത്താറുള്ളത്. ഇടവപ്പാതിയുടെ ഭാഗമായി ജൂണിൽ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ദുരന്തനിവാരണസമിതിയും ജലവകുപ്പും അടിയന്തരയോഗം ചേർന്ന് ഡാം തുറക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തെങ്കിലും പേപ്പാറ ഡാമിൽ ജലനിരപ്പ് കാര്യമായി ഉയർന്നിരുന്നില്ല. അതേസമയം ജലനിരപ്പ് ഗണ്യമായി വർദ്ധിച്ചതിനെ തുടർന്ന് നെയ്യാർ, അരുവിക്കര ഡാമുകൾ തുറന്നു. പേപ്പാറയിൽ രണ്ട് മീറ്റർ മാത്രമാണ് ജലനിരപ്പ് ഉയർന്നത്. ഇതിനെ തുടർന്ന് ഡാമിൽ വൈദ്യുതി ഉത്പാദനം ഉഷാറാക്കുകയും, പ്രതിദിനം മൂന്ന് മെഗാവാട്ട് വൈദ്യുതി വീതം ഉത്പാദനം നടത്തുകയും ചെയ്തിരുന്നു.