രാമനാട്ടുകര: നിയമ പോരാട്ടത്തിനും ജനകീയ ഇടപെടലിനും ഒടുവിൽ പരിഹാരമായി അറപ്പുഴ പാലത്തിൽ അറ്റകുറ്റ പണി തുടങ്ങി. കോഴിക്കോട് ബൈപ്പാസിലെ അറപ്പുഴ പാലത്തിൽ റീ ടാറിംഗ് ചെയ്യാത്തത് കാരണം പാലത്തിലെ കുഴികളിൽ പെട്ട് വാഹനങ്ങൾ ബൈപ്പാസിൽ ഉണ്ടാക്കുന്ന ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താത്പ്പര്യ ഹർജിയും നാട്ടുകാരുടെ ഇടപെടലിനും പരിഹാരമായായാണ് ഇന്നലെ പാലത്തിലെ കുഴികൾ അടച്ച് ടാറിംഗ് ചെയ്യാൻ തുടങ്ങിയത്.
പാലം നിറയെ ചെറുതും വലുതുമായ കുഴികൾ ഉള്ളതിനാൽ അറപ്പുഴ പാലത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ ബൈപ്പാസിൽ സൃഷ്ടിക്കുന്ന ഗതാഗത കുരുക്ക് കാലമേറെയായി തുടങ്ങിയിട്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് അടക്കം നിരവധി ആശുപത്രികളിലേക്ക് വരുന്ന നൂറു കണക്കിന് ആംബുലൻസുകൾ അടക്കം ആശ്രയിക്കുന്ന ഈ ദേശീയ പാതയിൽ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ നിസ്സംഗതക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഫാറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി, രാമനാട്ടുകര മുനിസിപ്പാലിറ്റി ഏരിയാ റസിഡൻസ് അസോസിയേഷൻ ഏകോപന സമിതി (റെയ്സ്) തുടങ്ങിയ സാമൂഹ്യ സംഘടനകളും കോഴിക്കോട് എം.പി എം.കെ. രാഘവൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും കത്ത് മുഖേനയും അധികാരികളോട് ഫോണിലും പാലത്തിന് മുകളിൽ നിൽപ് സമരം നടത്തിയും നിരന്തരം ശ്രദ്ധ ക്ഷണിച്ചെങ്കിലും പാലത്തിലെ അറ്റകുറ്റ പണി നടത്താൻ അധികൃതർ തയ്യാറാവാത്തതിനെ തുടർന്ന്
കഴിഞ്ഞ ദിവസം റെയ്സ് അടിയന്തിര ഓൺലൈൻ മീറ്റിംഗ് കൂടി ഈ അനാസ്ഥക്കെതിരെ ഹൈക്കോടതിയിൽ റെയ്സിന്റെ ലീഗൽ അഡ്വൈസർ അഡ്വ. ബാബു പട്ടത്താനം വഴി അഡ്വ. പൗലോച്ചൻ ആന്റണി പൊതു താത്പര്യ ഹർജി ഫയൽ ചെയ്യുകയായിരുന്നു. എട്ട് ആഴ്ചക്കകം നടപടി എടുക്കുവാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ പണി ആരംഭിച്ചത്.