vairamuthu

തിരുവനന്തപുരം: വിവാദമായതോടെ തമിഴ് കവി വൈരമുത്തു ഒ.എൻ.വി പുരസ്കാരം നിരസിച്ചു. ഒ.എൻ.വി കൾച്ചറൽ അക്കാഡമിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുരസ്കാര തുകയായ മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് കത്തിൽ പറയുന്നു. കേരളത്തോടും മലയാളികളോടുമുള്ള സ്നേഹം പങ്കുവയ്ക്കാൻ സ്വന്തം പേരിൽ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു. ഈ തുകയുടെ ചെക്കിന്റെ ഫോട്ടോയും വിശദാംശവും കത്തിൽ ഉൾപ്പെടുത്തിയിട്ടിണ്ട്. .

പുരസ്‌കാരം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഒ.എൻ.വി കൾച്ചറൽ അക്കാഡമി ഒരുങ്ങുകയാണെന്ന വിവരം പുറത്ത് വന്നതോടെയാണ് വൈരമുത്തു ഈ നിലപാടെടുത്തത്.

എന്നും ശരിയുടെ പക്ഷത്താണ് താനെന്നും,തൻെറ ശരികളെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കത്തിൽ പറയുന്നു.

വൈരമുത്തുവിനെതിരായ മീ ടു ആരോപണങ്ങൾ ചൂണ്ടിക്കാണിച്ച് സാഹിത്യ, സാംസ്‌കാരിക, കലാപ്രവർത്തകരും വനിത ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിരുന്നു.

.പ്രഭാവർമ, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

പുരസ്കാരം നിരസിക്കുകയും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ എന്ത് വേണമെന്ന് കൂട്ടായി തീരുമാനിക്കുമെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാഡമി അറിയിച്ചു.