l

കടയ്ക്കാവൂർ: കരൾരോഗം മൂലം കഷ്ടപ്പെടുന്ന അഥർവിന് കേരളകൗമുദി വാർത്ത തുണയായി. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ചെറുനെല്ലി വീട്ടിൽ അനുരാഗ് - രശ്മി ദമ്പതികളുടെ മകനായ ഏഴുമാസം പ്രായമുളള അഥർവിന് ജന്മനാതന്നെ കരൾ‌ രോഗം ഉണ്ടായിരുന്നു. തിരുവനന്തപുരം എസ്.എ.ടിയിൽ ശസ്ത്രക്രിയ ഉൾപ്പെടെയുളള ചികിത്സകൾ നടത്തിയെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടർന്നാണ് ഡോക്ടർമാർ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചത്. കരൾ പകുത്തു നൽകാൻ പിതാവ് തയ്യാറായെങ്കിലും ഏകദേശം 30 ലക്ഷത്തോളം രൂപ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കും ആവശ്യമായിരുന്നു. ഈ തുക കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയായിരുന്നു കുടുംബാംഗങ്ങൾ. അഥർവിന്റെ അവസ്ഥ കേരളകൗമുദി വാർത്തയാക്കിയതിനെ തുടർന്ന് സുമനസുകളുടെ സഹായം അഥർവിനെ തേടിയെത്തി തുടങ്ങി. ഔർ ടീം കടയ്ക്കാവൂരിലെ അംഗങ്ങൾ എഴുപത്തിരണ്ടായിരം രൂപയുടെ ധനസഹായം നൽകി. വർക്കല എം.എൽ.എ വി. ജോയ് തുക അഥർവിന്റെ കുടുബാംഗത്തിനു കൈമാറി. ഔർ ടീം കടയ്ക്കാവൂർ അംഗങ്ങളായ അരുൺ, അൻവിൻ മോഹൻ, സജു, ആദർശ്, ഷാ ധർമ്മപാലൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.