തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം നാളെ എത്തും. ഒരു ദിവസം നേരെത്തെയാണ് വരവ്. നാളെ ഉച്ചയോടെ കാലവർഷം കേരളത്തിൽ തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.
ജൂൺ ആദ്യ വാരം കഴിഞ്ഞ് ശക്തി പ്രാപിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തുടക്കത്തിൽ മഴ കുറവായിരിക്കുമെങ്കിലും വടക്കൻ ജില്ലകളിൽ സജീവമാകും. കഴിഞ്ഞ തവണ ഒമ്പത് ശതമാനം അധികം മഴയാണ് ലഭിച്ചത്. 2049.2 മില്ലി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2227.9 മില്ലി മീറ്റർ മഴ ലഭിച്ചു.കഴിഞ്ഞ വർഷമുണ്ടായ നിസർഗ ഉംപുൻ ചുഴലിക്കാറ്റിന്റെ സ്വാധീനത്താലാണിത്.
കാലവർഷം
#ജൂൺ മുതൽ ഒക്ടോബർ വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയുമാണ് തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി, എന്നീ പേരുകളിൽ അറിയപ്പെടുന്നത്
#മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അന്തരീക്ഷം ചൂടു പിടിച്ച് വായു മുകളിലേക്കുയരുകയും കടലിൽ നിന്നുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യും.
#ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന നീരാവി നിറഞ്ഞ വായുവിന് പശ്ചിമഘട്ടം എന്ന വൻ മതിൽ കടക്കുന്നതിന് അല്പം ഉയരേണ്ടി വരും. അപ്പോൾ, നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യും.
# ജൂൺ ആദ്യവാരം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള തീരപ്രദേശത്താണ് കാലവർഷം തുടങ്ങുന്നത്.
#രണ്ടു ദിശയിലാണ് സഞ്ചാരം. ആദ്യത്തേത് അറബിക്കടലിൽ നിന്ന് പശ്ചിമഘട്ടം വഴിയും രണ്ടാമത്തേത് ബംഗാൾ ഉൾക്കടലിലൂടെ കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്ക്-വടക്ക് തീരത്തും എത്തും.