തിരുവനന്തപുരം: മഴക്കാല രോഗങ്ങളെ ചെറുക്കാനായി സംസ്ഥാന സർക്കാരിന്റെ 'കരുതൽ' എന്ന പദ്ധതി പ്രകാരം കൊതുകിന്റെ ഉറവിടം നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഇന്നലെ മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു. യോഗത്തിൽ ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, സെക്രട്ടറി, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. സർക്കാർ നിർദ്ദേശം അനുസരിച്ച് ഇക്കാര്യം ചർച്ച ചെയ്യുന്നതിലേക്കായി നാളെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗവും, ചെവ്വാഴ്ച പ്രത്യേക നഗരസഭ കൗൺസിലും അടിയന്തരമായി വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജൂൺ 5, 6 തീയതികളിൽ നഗരസഭയിലാകെ
കൊതുകുകളുടെ ഉറവിടനശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നിതിന് റിസിഡന്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, യൂത്ത് ക്ലബുകൾ എന്നിവരുടെ സഹകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഡെങ്കി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുമെന്നും മേയർ പറഞ്ഞു.