തിരുവനന്തപുരം: ജില്ലയിലെ പട്ടികവർഗ സെറ്റിൽമെന്റുകളിൽ 'സഹ്യസുരക്ഷ' കൊവിഡ് വാക്സിനേഷൻ കാമ്പെയിനുമായി ജില്ലാ ഭരണകൂടം. 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റിൽമെന്റുകളിലാണ് ആരോഗ്യവകുപ്പുമായി സഹകരിച്ച് കാമ്പെയിൻ പുരോഗമിക്കുന്നത്. 45 വയസിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകും. ഇതിനോടകം 4,628 പേർ ആദ്യ ഡോസ് സ്വീകരിച്ചു.

അമ്പൂരി, വിതുര, കുറ്റിച്ചൽ, പെരിങ്ങമ്മല, പാങ്ങോട്, നന്ദിയോട്, കള്ളിക്കാട്, തൊളിക്കോട്, ആര്യനാട് എന്നിങ്ങനെ ഉൾവനത്തിൽ സ്ഥിതിചെയ്യുന്ന ഒമ്പത് സെറ്റിൽമെന്റുകളിലാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം വാക്‌സിനേഷൻ നടത്തുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാർക്കൊപ്പം പട്ടിക വർഗ വകുപ്പ്, പഞ്ചായത്ത്, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.