വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിലെ ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കൊവിഡ് വാക്സിൻ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. അനധികൃതമായി വാക്സിൻ നൽകുന്നുവെന്നാരോപിച്ച് വക്കം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണിന്റെ നേതൃത്വത്തിലാണ് കൈയേറ്റം നടന്നതെന്ന് ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഡോക്ടർ നിഹാൽ മുഹമ്മദിന് പരിക്കേറ്റിട്ടുണ്ട്. ഇതിനെതിരെ ഡോക്ടർ കടയ്ക്കക്കാവൂർ പൊലീസിൽ പരാതി നൽകി. വക്കം റൂറൽ ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർക്ക് നേരേയുള്ള ആക്രമണം അപലപനീയമാണന്നും ആരോഗ്യ പ്രവർത്തകർക്ക് മതിയായ സംരക്ഷണം നൽകുമെന്നും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു പറഞ്ഞു.