തിരുവനന്തപുരം : ചെറുകിട ആശുപത്രികൾ വാക്‌സിൻ വാങ്ങാൻ വിതരണക്കമ്പനികളെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്ന് ആശുപത്രി ഉടമകൾ പരാതിപ്പെടുന്നു.
ചില വൻകിട സ്വകാര്യ ആശുപത്രികൾക്ക് കൊവിഷീൽഡ് കിട്ടുന്നുണ്ട്. ഒരു ഡോസിന് 600 - 650 രൂപ നിരക്കിൽ മുൻകൂട്ടി അടച്ചാലേ വാക്‌സിൻ ലഭ്യമാകൂ. ചെറുകിട ആശുപത്രികൾക്ക് ആയിരം ഡോസിന് ആറു ലക്ഷത്തിലധികം തുക മുൻകൂട്ടി അടയ്ക്കണം. അതിന് പലർക്കും ശേഷിയില്ല. പണം അടച്ചാലും എന്ന് വാക‌്സിൻ നൽകുമെന്ന് ഉറപ്പ് ലഭിക്കുന്നുമില്ല. ഉത്പാദിപ്പിക്കുന്ന വാക്‌സിൻ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നൽകിയ ശേഷം അവശേഷിക്കുന്നതാണ് സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത്.
600 മുതൽ 650രൂപവരെ നൽകി സ്വകാര്യ ആശുപത്രികൾ വാങ്ങുന്ന വാക്‌സിൻ ഒരു ഡോസിന് 950 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 150 രൂപയ്ക്ക് സർക്കാരിൽ നിന്നു വാങ്ങി ഡോസ് ഒന്നിന് 250 രൂപയ്ക്കാണ് കുത്തിവച്ചിരുന്നത്.
വൈകുന്നത് അപകടം
വാക്‌സിൻ ആദ്യ ഡോസെങ്കിലും എടുത്തവർക്ക് വൈറസ് ബാധയുണ്ടായാലും അതീവ ഗുരുതരാവസ്ഥയിലാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിൽ പരമാവധി പേരിലേക്ക് അതിവേഗം വാക്‌സിൻ എത്തിക്കുകയാണ് വേണ്ടത്.
'സ്വകാര്യ ആശുപത്രികൾ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് പണം മുൻകൂറായി അടച്ച് വാക്‌സിന് കാത്തിരിക്കയാണ് .'
-ഡോ.ഇ.കെ.രാമചന്ദ്രൻ, ട്രഷറർ,
പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോ.