tharoor

തിരുവനന്തപുരം: തന്നെ കൊലപാതകി എന്ന് ട്വിറ്ററിൽ വിശേഷിപ്പിച്ച കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരായ അപകീർത്തി കേസ് ശശി തരൂർ എം.പി പിൻവലിച്ചു.

രവിശങ്കറുമായി ഒത്തുതീർപ്പ് ആയതിനാൽ കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് ചീഫ് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച പിൻവലിക്കൽ ഹർജിയിൽ തരൂർ വ്യക്തമാക്കി.

2018 ഒക്ടോബർ 28നായിരുന്നു രവിശങ്കർ പ്രസാദിന്റെ വിവാദ ട്വീറ്റ്. അപ്പോഴേക്കും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി തരൂരിനെ പ്രഖ്യാപിച്ചിരുന്നു.തരൂരിന്റെ ഭാര്യ സുന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ട്വീറ്റ് .

ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രണ്ട് തവണ തരൂർ നോട്ടീസ് അയച്ചെങ്കിലും രവിശങ്കർ പ്രസാദ് ആരോപണത്തിൽ ഉറച്ചു നിന്നു. തുടർന്നാണ് തരൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്‌തത്. തരൂരിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത കോടതി, നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ രവിശങ്കർ പ്രസാദിനോട് നിർദ്ദേശിച്ചിരുന്നു.