കൊച്ചി: ദുബായ് നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുന്നു. മുഖ്യപ്രതിയും കലൂരിലെ 'ടേക്ക് ഓഫ്' റിക്രൂട്ടിംഗ് ഏജൻസി ഉടമയും എറണാകുളം നെട്ടൂർ കളരിക്കൽവീട്ടിൽ ഫിറോസ്ഖാനെതിരെ (42) സമാനമായ കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. രണ്ട് പരാതികളിൽക്കൂടി ഫിറോസ്ഖാനെ നോർത്ത് പൊലീസ് പ്രതിചേർത്തു.
മനുഷ്യക്കടത്ത്, വഞ്ചന, എമിഗ്രേഷൻ വയലേഷൻ ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ദുബായിലുള്ള കൂട്ടുപ്രതികളെ നാട്ടിലെത്തിക്കാനും നീക്കമാരംഭിച്ചിട്ടുണ്ട്. അതേസമയം ടേക്ക് ഓഫ് സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലരെ പൊലീസ് ചോദ്യംചെയ്തു. സ്ഥാപനത്തിന് ലൈസൻസുണ്ടെന്നാണ് ഫിറോസ് ജീവനക്കാരെ വിശ്വസിപ്പിച്ചിരുന്നത്. തട്ടിപ്പിൽ ഇവർക്ക് പങ്കില്ലെന്നാണ് പ്രാഥമികനിഗമനം. ഫിറോസിന്റെ ജീവനക്കാരോടുള്ള പെരുമാറ്റംമൂലം പലരും അധികനാൾ ഇവിടെ തുടർന്നിരുന്നില്ല. മറ്ര് ജീവനക്കാരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യും.
ദുബായിൽ നഴ്‌സിംഗ് ജോലി വാഗ്ദാനംചെയ്ത് രണ്ടരമുതൽ മൂന്നുലക്ഷംരൂപവരെ വാങ്ങി നൂറോളം പേരെയാണ് ഇയാൾ കബളിപ്പിച്ചത്. വിസിറ്റിംഗ് വിസയിൽ ദുബായിലെത്തി രണ്ടുമാസം കഴിഞ്ഞും ജോലിലഭിക്കാത്ത നഴ്‌സുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഫിറോസും കൂട്ടാളി ഇടപ്പിള്ളി സ്വദേശി സത്താറും കുടുങ്ങിയത്. അറസ്റ്റിലായ പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തിരുന്നു. ഇവിടെനിന്നും നോട്ടെണ്ണുന്ന മെഷീനടക്കം സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ന്യൂഡൽഹിയിലേക്ക് കടക്കാനായുള്ള ശ്രമത്തിനിടെ കോഴിക്കോട് നിന്നാണ് ഇരുവരും അറസ്റ്റിലായത്.
ഫിറോസിന് കൊവിഡ്
ദുബായ് നഴ്സിംഗ് തട്ടിപ്പ് കേസിലെ പ്രതി ഫിറോസ്ഖാന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. കാക്കനാട്ടെ കൊവിഡ് കെയർ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്. കൂട്ടാളി സത്താർ പരിശോധനയിൽ നെഗറ്രീവായി. ഇയാളെ കാക്കനാട് ജയിലിലേക്ക് മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെയും രോഗമുക്തി നേടിയാലുടൻ ഫിറോസിനെയും പൊലീസ് കസ്റ്രഡിയിൽ വാങ്ങും.