sudheeran

തിരുവനന്തപുരം: മഹാവിപത്തായി വെല്ലുവിളിയുയർത്തുന്ന കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാരും സമൂഹവും ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ട നിർണായക സന്ദർഭത്തിലും ജനങ്ങൾ പാടെ തള്ളിക്കളഞ്ഞ അതിരപ്പിള്ളി പദ്ധതിയുടെ 'ഗുണത്തെ'ക്കുറിച്ച് സർക്കാർ തലത്തിൽ ചർച്ചകളുയർത്താനുള്ള ശ്രമം നിർഭാഗ്യകരമാണെന്ന് വി.എം. സുധീരൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു.
മാറിമാറി വരുന്ന സർക്കാരുകളുടെ കാലത്ത് അതിരപ്പിള്ളി പദ്ധതി 'പൊക്കിയെടുക്കാനുള്ള' ഗൂഢനീക്കങ്ങളുണ്ടായെങ്കിലും വസ്തുതകളുടെയടിസ്ഥാനത്തിൽ ഉയർന്നു വന്ന ശക്തമായ ജനപ്രതിഷേധത്തിൽ അതിൽ നിന്നെല്ലാം പിന്തിരിയേണ്ടി വന്നിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും കെടുതികൾ കേരളവും ആഴത്തിൽ അനുഭവിക്കുകയാണ്. ജനദ്രോഹപരമായ പദ്ധതിക്കായി കരുക്കൾ നീക്കുന്നത് സ്ഥാപിത താത്പര്യം മുൻനിറുത്തിയാണ്. പദ്ധതികൊണ്ട് ആകെ നേട്ടമുണ്ടാകുന്നത് വൈദ്യുതി ബോർഡിലെ 'നിർമ്മാണലോബി'ക്കും കോൺട്രാക്ടർമാർക്കും മാത്രമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സൗരോർജ്ജ പ്ളാന്റ് പോലുള്ള ബദൽ ഊർജ്ജ സ്രോതസ്സുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും സുധീരൻ ചൂണ്ടിക്കാട്ടി.