d

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 2,767 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,058 പേർ രോഗമുക്തരായി. 16,411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,648 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ എട്ടുപേർ ആരോഗ്യ പ്രവർത്തകരാണ്. 19.8 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ പുതുതായി 4,520 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 77,327 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 6,320 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

 15 പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം

രൂക്ഷം; കടുത്ത നിയന്ത്രണങ്ങൾ

ജില്ലയിൽ 15 പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ പ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആനാട്, അരുവിക്കര, അഴൂർ, ഇടവ, കഠിനംകുളം, കല്ലിയൂർ, കാരോട്, കിഴുവിലം, കോട്ടുകൽ, മാണിക്കൽ, നഗരൂർ, ഒറ്റശേഖരമംഗലം, വെങ്ങാനൂർ, വെട്ടൂർ, വിളവൂർക്കൽ പഞ്ചായത്തുകളെയാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34 ശതമാനത്തിന് മുകളിലാണ്.

നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുറമേ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഈ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.

 നിയന്ത്രണങ്ങൾ

 ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾക്കും ബേക്കറികൾക്കും രാത്രി 7.30 വരെ മാത്രമേ പ്രവർത്തനാനുമതിയുള്ളൂ.

 ഇവിടെ പത്ര വിതരണം രാവിലെ എട്ടിന് മുൻപ് പൂർത്തിയാക്കണം.

 റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ അടക്കമുള്ള ന്യായവില സ്ഥാപനങ്ങൾ, പാൽ ബൂത്തുകൾ എന്നിവ വൈകിട്ട് അഞ്ചിന് ശേഷം പ്രവർത്തിക്കാൻ പാടില്ല.

 റസ്റ്റാറന്റുകളും ഹോട്ടലുകളും രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ പ്രവർത്തിക്കാം. ഇവിടങ്ങളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.

 അവശ്യ സാധനങ്ങൾ പരമാവധി തൊട്ടടുത്തുള്ള കടകളിൽ നിന്ന് വാങ്ങണം. ഇതിനായി ദൂരയാത്ര ചെയ്യുന്നത് അനുവദിക്കില്ല. ഇ-കൊമേഴ്സ് ഡെലിവറി അവശ്യ സാധനങ്ങൾക്കു മാത്രമേ അനുവദിച്ചിട്ടുള്ളൂ.

 ചന്തകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കരുത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് അനാവശ്യമായി ആളുകൾ പുറത്തു പോകാൻ പാടില്ല