ശ്രീകാര്യം: പാങ്ങപ്പാറയിൽ ഒരുമിച്ച് താമസിച്ചിരുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റും യുവാവും ആത്മഹത്യ ചെയ്ത സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പാങ്ങപ്പാറ കൈരളി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന വഞ്ചിയൂർ സ്വദേശി സുനിൽ (48), ചേർത്തല സ്വദേശിനി റൂബി ബാബു (28) എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

റൂബി ആത്മഹത്യ ചെയ്തുവെന്നും ഞാനും മരിക്കാൻ പോവുകയാണെന്നും സുഹൃത്തിന് വിളിച്ചറിയിച്ച ശേഷമാണ് സുനിൽ മരിക്കുന്നത്. റൂബിയുടെ കഴുത്തിലെ കയർ അറുത്തുമാറ്റിയ നിലയിലാണ് താഴത്തെ നിലയിലെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്. മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് സുനിലിനെ കണ്ടെത്തിയത്. കൊവിഡ് പരിശോധനാഫലം കിട്ടിയ ശേഷം സ്ഥലത്ത് ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും വീട് വാടകയ്‌ക്കെടുത്തത്. കുടുംബങ്ങളിൽ നിന്ന് അകന്നു കഴിഞ്ഞിരുന്ന ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.