തിരുവനന്തപുരം: വൃദ്ധസദനങ്ങളിലെ മുഴുവൻ പേർക്കും എത്രയും പെട്ടെന്ന് വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദിവാസി കോളനികളിലും 45 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ പരമാവധി നടത്തും.കിടപ്പുരോഗികൾക്ക് വാക്സിൻ നൽകാൻ പ്രത്യേകം ശ്രദ്ധിക്കും. നവജാത ശിശുക്കൾക്ക് കൊവിഡ് ബാധിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ ജാഗ്രത പാലിക്കും. കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഒ.ടി.പി സംവിധാനമൊരുക്കും
പ്രവാസികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിൽ നൽകുമ്പോൾ ആധാർ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒ.ടി. പി സന്ദേശം പോകുന്നതെന്ന പ്രശ്നമുണ്ട്. ഭൂരിഭാഗംപേരും മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. നിലവിൽ കയ്യിലുള്ള മൊബൈൽ നമ്പരിൽ ഒ.ടി.പി കൊടുക്കാനുള്ള സംവിധാനം ആലോചിക്കും
ടി.പി.ആർ കൂടുതൽ
212 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 30 ശതമാനത്തിന് മുകളിലാണ് ടി.പി.ആർ. 17 സ്ഥാപനങ്ങളിൽ 50 ശതമാനത്തിന് മുകളിലും. ഈ തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തും.
മലപ്പുറത്ത് കൂടുതൽ കൊവിഡ് വാക്സിൻ
നൽകണമെന്നാവശ്യപ്പെട്ട് ഹർജി
കൊച്ചി: കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ കൂടുതൽ കൊവിഡ് വാക്സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ.സി. നസീർ ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജില്ലയാണ് മലപ്പുറം. കേരളത്തിലെ ജനസംഖ്യയുടെ 12.97 ശതമാനം ആളുകൾ മലപ്പുറം ജില്ലയിലാണ്. എന്നാൽ കേരളത്തിൽ ആകെ നൽകിയ വാക്സിന്റെ 7.58 ശതമാനം മാത്രമാണ് മലപ്പുറം ജില്ലയ്ക്ക് ലഭിച്ചതെന്ന് ഹർജിയിൽ പറയുന്നു. ജനസംഖ്യയും രോഗവ്യാപനവും കണക്കിലെടുത്ത് മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാത്തത് വിവേചനമാണെന്നും ഇക്കാര്യം വ്യക്തമാക്കി സർക്കാരിന് നിവേദനം നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.