കഴക്കൂട്ടം: കഠിനംകുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന 51 ചാക്ക് റേഷൻ അരിയും 12 ചാക്ക് ഗോതമ്പും പൊലീസ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഠിനംകുളം എസ് എച്ച്. ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പുതിയ ചാക്കുകളിലാക്കിയ റേഷനരിയും ഗോതമ്പും പിടിച്ചെടുത്തത്.

കഠിനംകുളം തോണിക്കടവിന് സമീപത്തെ അടച്ചുപൂട്ടിയ വാടകമുറികളിലായിരുന്നു ചാക്കുകൾ സൂക്ഷിച്ചിരുന്നത്. പൊലീസ് കടമുറിയുടെ പൂട്ട് പൊട്ടിച്ചാണ് അകത്തുകടന്നത്. പരിശോധനയ്ക്ക് ശേഷം കടമുറികൾ സീൽ ചെയ്‌തു.

സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി സക്കീറിനെതിരെ കഠിനംകുളം പൊലീസ് കേസെടുത്തു. ഇയാൾ പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്നയാളാണ്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.