തിരുവനന്തപുരം: ആർ.സി.സിയിൽ അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ടുനില താഴ്ചയിലേക്ക് വീണ് പരിക്കേറ്റ യുവതിയുടെ നില അതീവഗുരുതരം. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ നദീറ (22) മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐ.സി.യുവിൽ ചികിത്സയിലാണ്.
15നു പുലർച്ചെ 5നായിരുന്നു അപകടം. തുടയെല്ലിലെ ശസ്ത്രക്രിയക്കു ശേഷം 22ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും ന്യൂറോ ഐ.സി.യുവിലേക്ക് മാറ്റി. വിദഗ്ദ്ധ പരിശോധനയിൽ തലച്ചോറിന് മാരക ക്ഷതം സംഭവിച്ചെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
ആർ.സി.സിയിൽ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയിലായിന്ന അമ്മ നസീമയെ പരിചരിക്കാനെത്തിയ നദീറ ലിഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ചപ്പോഴാണ് വീണത്. ഇവർ രണ്ട് മണിക്കൂറോളം അവിടെ തന്നെ കുടുങ്ങിക്കിടന്നു. സുരക്ഷാജീവനക്കാരാണ് ചലിക്കാനാവാതെ കിടന്ന നദീറയെ കണ്ടെത്തിയത്. അർബുദ രോഗിയായ അമ്മ നസീമയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ഭർത്താവിനും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.
അമ്മയും ഒരു വയസുള്ള മകളും അടങ്ങുന്ന നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് നദീറ. അപായ സൂചന നൽകാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ കമ്മിഷണർക്ക് നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കി അധികൃതർ തടിയൂരുകയായിരുന്നു. പ്രത്യേക സമിതിയുടെ അന്വേഷണവും കടലാസിലൊതുങ്ങി.