നെടുമങ്ങാട്: പൊതുവഴിയിലും വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും മീതെ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ യഥാസമയം നീക്കം ചെയ്യാതെ അപകടത്തിന് ഇടയാക്കിയാൽ മുഴുവൻ നഷ്ടപരിഹാരവും വസ്തു ഉടമ വഹിക്കണമെന്ന് നെടുമങ്ങാട് നഗരസഭ. അപകടകരമായ വിധത്തിൽ സ്വകാര്യ വസ്തുവിൽ നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വസ്തു ഉടമകൾക്ക് നൽകിയ നിർദ്ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് നഗരസഭയുടെ അറിയിപ്പ്. വ്യാഴാഴ്ച ജില്ലാ ആശുപത്രി വളപ്പിൽ ചുവടുദ്രവിച്ച് നിന്ന കൂറ്റൻ പാലമരം ഒടിഞ്ഞു വീണ് ആശുപത്രി ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന മൂന്ന് ആംബുലൻസുകൾ പൂർണമായി തകർന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ മരം മുറിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നതാണ്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി വളപ്പിൽ ചുവടുദ്രവിച്ച മരങ്ങൾ ഇനിയും ഭീതി പരത്തുന്നുണ്ട്. പത്താംകല്ല്, വാളിക്കോട്‌, കുളവിക്കോണം, കൊല്ലങ്കാവ് ഭാഗങ്ങളിലും സമാന സാഹചര്യമാണ്. പി.ഡബ്ലിയു.ഡി (റോഡ് വിഭാഗം), വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇത്തരം മരങ്ങൾ മുറിക്കുന്നത് പലയിടങ്ങളിലും തടസമാവുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്.