പാലോട്: കൊവിഡ് രണ്ടാം തരംഗം അതീവ രൂക്ഷമായപ്പോഴും പതറാതെ ഒരു വീട്ടിൽ പോലും രോഗബാധ റിപ്പോർട്ട് ചെയ്യാതെ കാവൽലൊരുക്കിയ ഒരിടമുണ്ട്. നന്ദിയോട് ഗ്രാമപഞ്ചായത്തിലെ നവോദയ വാർഡ്. ഒരു പക്ഷേ ജില്ലയിൽ തന്നെ ഏക വാർഡ് ആകാം നവോദയ. കൃത്യമായ വിശകലനങ്ങളും വീടുകളിലെത്തിയുള്ള ബോധവത്കരണവും അതോടൊപ്പം വിവിധ സർക്കാർ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനവും ആണ് വാർഡിൽ ഒരു രോഗബാധ പോലും റിപ്പോർട്ട് ചെയ്യാതിരിക്കാനുള്ള ഏക കാരണം. ഒപ്പം ഇവിടുത്തുകാരുടെ ജാഗ്രതയും സഹകരണവും. നാനൂറ്റി മുപ്പതോളം വീടുകളാണ് വാർഡിലുള്ളത്. ഇതിൽ ജനസാന്ദ്രത കൂടുതലുള്ള ഓട്ടുപാലം, കുക്കിരി, വലിയവേങ്കോട്ടുകോണം, കുറുങ്ങണം, കടുവാച്ചിറ, ചൂടൽ മൺപുറം, പൊട്ടൻചിറ എന്നിവിടങ്ങളിൽ ജാഗ്രതാ സമിതിയും, പൊലീസിന്റെ നേതൃത്വത്തിലുള്ള കാവൽ ഗ്രൂപ്പും സജീവമായി കരുതലോടെ വാർഡിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിനാലാണ് വാർഡിലുള്ള ഒരംഗത്തിനുപോലും രോഗം ഉണ്ടാകാതെ സംരക്ഷിക്കാൻ കഴിഞ്ഞത്. വാർഡ് അംഗം കടുവാച്ചിറ സനൽകുമാർ, കാവൽ ഗ്രൂപ്പിന്റെ ചുമതലയുള്ള പാലോട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പ്രശാന്തകുമാർ, ആരോഗ്യ വകുപ്പിൽ നിന്നും അഹല്യ, ആശ വർക്കർ സുജന എന്നിവരടങ്ങുന്ന ടീമാണ് കരുതലോടെ നവോദയക്ക് സംരക്ഷണമൊരുക്കുന്നത്.