photo

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ പുള്ളിവട്ടം പാടത്ത് ഞാറ്റുപാട്ട് അന്യമല്ല. കൊവിഡ് കാലം തിരിച്ചടിയാണെങ്കിലും പേരക്കുഴി സർക്കാർ എൽ.പി.സ്കൂൾ പുള്ളിവട്ടത്തെ ഒരു പാടശേഖരം തന്നെ പാട്ടത്തിനെടുത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രവേശനോത്സവം ഈ അദ്ധ്യയന വർഷവും ഓൺലൈനിൽ തന്നെയാകും എന്ന് ഉറപ്പായതിനാലും സ്കൂളിൽ നടന്നുവരുന്ന കൃഷി പ്രവർത്തനങ്ങളുടെ തുടർച്ചയായുമാണ് നെൽകൃഷിക്ക് തുടക്കം കുറിച്ചത്. അടൂർ പ്രകാശ് എം.പി.തട വിളക്കിൽ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എൽ. രാജീവിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, പഞ്ചായത്ത് പ്രസിഡന്റുമാരായ ശൈലജാ രാജീവൻ, ഷിനു, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, പഞ്ചായത്തംഗങ്ങളായ രാജ്കുമാർ, ഷെഹ്നാസ്, ബിന്ദു, ഹെഡ്മാസ്റ്റർ കെ. സ്വാമിനാഥൻ, ബനാന കൃഷിഫാം ഓഫീസർ അജയകുമാർ, സീനിയർ അസ്സിസ്റ്റന്റ് ലേഖ, സ്റ്റാഫ് സെക്രട്ടറി സബീഹാബീവി എന്നിവർ പങ്കെടുത്തു. ലോക് ഡൗൺ നിയന്ത്രണങ്ങൾ തീരുന്ന മുറക്ക് കുട്ടികളെയും പങ്കാളികളാക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

.