വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിലേക്കുള്ള റോഡ് അപകടങ്ങളുടെ കേന്ദ്രമെന്ന പേരുകേട്ടതാണ്. എന്നാൽ ഇപ്പോൾ ഈ റോഡിലെ അപകടങ്ങൾക്ക് ആക്കം കൂട്ടുമെന്ന പേടിയിലാണ് ഇവിടുത്തെ ജനങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത പേമാരിയിൽ വെള്ളം കുത്തിയൊഴികിയതോടെ ഇവിടുത്തെ റോഡിന്റെ പല ഭാഗങ്ങളും തകരാൻ തുടങ്ങിയിട്ടുണ്ട്. പൊൻമുടി പതിനൊന്നാംവളവിന് സമീപം റോഡിന്റെ ഒരു വശം ഇടിഞ്ഞനിലയിലാണ്. വാഹനങ്ങൾ അപകടത്തിൽപെടാൻ സാദ്ധ്യതയുള്ള ഭാഗമാണിത്. പൊതുവെ പതിനൊന്നാം വളവിന് സമീപം അനവധി അപകടങ്ങൾ നടന്നിട്ടുണ്ട്. മുൻപ് ഒരു ടെംപോവാൻ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടിരുന്നു. റോഡ് തകർന്ന ഭാഗത്തെ വശം വൻകുഴിയാണ്. ഇവിടെ സൈഡ് നൽകുവാൻപോലും സ്ഥലമില്ല. മറു വശത്ത് കാടുകൾ മൂടി. പൊൻമുടി മുതൽ ഗോൾഡൻവാലി വരെയുള്ള റോഡിന്റെ വശങ്ങൾ മുഴുവൻ പുല്ലും, കാടും വളർന്നു. ഇതോടെ റോഡിന്റെ വീതി ഗണ്യമായി കുറഞ്ഞു. സൈഡ് നൽകാൻ സ്ഥലമില്ലാത്ത സ്ഥിതിയിലുമാണ്. അധവാ വാഹനങ്ങൾ സൈഡ്നൽകിയാൽ കൂട്ടിയിടിക്കുന്ന അവസ്ഥയിലുമാണ്. ഒരാഴ്ചയായി പൊൻമുടി മേഖലയിൽ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കനത്ത മഴ പെയ്യുകയാണ്. വനത്തിൽ നിന്നും റോഡിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ടായി. ഇതോടെയാണ് റോഡ് തകർന്നത്. മാത്രമല്ല കനത്ത മഴയെ തുടർന്ന് പൊൻമുടി റൂട്ടിൽ അനവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. കാറ്റത്ത് മരങ്ങളും റോഡിലേക്ക് വീണ് ഗതാഗത തടസം ഉണ്ടാവുകയും ചെയ്തു.
മരങ്ങൾ അപകടാവസ്ഥയിൽ
പൊൻമുടി - കല്ലാർ റോഡരികിൽ നിരവധി മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ഉണങ്ങി വേരുകൾ പുറംതള്ളി നിൽക്കുന്ന മരങ്ങളും ഈ കൂട്ടത്തിലുണ്ട്. മരങ്ങൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ശിഖരങ്ങൾ അടിച്ച് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. പത്ത് വർഷം മുൻപ് റോഡ് വീതികൂട്ടിയപ്പോൾ മരങ്ങൾ മുറിച്ചെങ്കിലും ഇപ്പോൾ വീണ്ടും പൂർവസ്ഥിതിയിലായി. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പൊൻമുടി നിവാസികൾ വനംവകുപ്പിന് നിവേദനം നൽകിയിരുന്നു.
ജാഗ്രതവേണം
അടുത്തിടെ ടൂറിസംവകുപ്പിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ പൊൻമുടിയിൽ കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികളാണ് നടപ്പിലാക്കിയത്. എന്നാൽ ആയിരക്കണക്കിന് സഞ്ചാരികൾ യാത്രചെയ്യുന്ന റോഡിനെ മാത്രം അവഗണിക്കുകയായിരുന്നു. ഇടവപ്പാതി ആരംഭിക്കുന്നതോടെ പൊൻമുടിയിലും ശക്തമായ മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. ഇതോടെ റോഡ് കൂടുതൽ തകരാനും അപകടങ്ങൾ സംഭവിക്കാനും സാദ്ധ്യതയുണ്ട്. റോഡ് തകർന്ന ഭാഗത്ത് ഇന്നലെ വിതുര ഫയർഫോഴ്സ് സംഘം പരിശോധന നടത്തി. തഹസിൽദാരേയും വില്ലേജ് ഓഫീസറേയും വിവരം അറിയിച്ചു.
റോഡ് നന്നാക്കണം
ശോചനീയാവസ്ഥയിലായ പൊൻമുടി റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണം, റോഡരികിലെ പുല്ലും മറ്റും നീക്കം ചെയ്ത് വീതി കൂട്ടണം. റോഡരികിൽ അപകടം വിളിച്ചോതി നിൽക്കുന്ന മരങ്ങൾമുറിക്കണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
പൊൻമുടി സംരക്ഷണസമിതി ഭാരവാഹികൾ