vellathinadiyil

മുടപുരം: തങ്ങളുടെ പാടത്ത് യഥാസമയം കൃഷിയിറക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് മുടപുരം ,ചേമ്പുംമൂല പാടശേഖരങ്ങളിലെ നെൽകർഷകർ. തുടർച്ചയായി പെയ്ത പേമാരിക്ക് ശേഷം പാടം നിറയെ വെള്ളം കെട്ടിൽനിൽക്കുന്നതാണ് വിത്തിറക്കാൻ കഴിയാത്തതിന് കാരണം. മുടപുരം ഏലായിൽ 12 ഹെക്ടറും ചേമ്പുംമൂലയിൽ 5 ഹെക്ടറിലുമാണ് കൃഷിയിറക്കുന്നത്. കഴിഞ്ഞതവണ കായലിൽ നിന്നും ഉപ്പുവെള്ളം കയറി നെൽകൃഷി നശിച്ചതിനാൽ രണ്ട് ഏലായിലെയും കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. അതിന്റെ നഷ്ടവും ഇപ്പോഴത്തെ ഏലായിലെ വെള്ളക്കെട്ടും കൊണ്ട്, ഇപ്പോൾ കൃഷിയിറക്കണമോ വേണ്ടയോ എന്നുള്ള സന്ദേഹത്തിലാണ്‌ കർഷകർ. കായലിൽ നിന്നും ഉപ്പുവെള്ളം കയറുന്നത് തടയുവാൻ ബണ്ട് നിർമ്മിക്കുമെന്ന് അധികൃതർ വാക്ക് നൽകിയെങ്കിലും ഇനിയും അത് നടന്നിട്ടില്ല.

കിഴുവിലം പഞ്ചായത്തിൽ മുടപുരം, വലിയചിറ, വലിയ ഏല, മാമം കമുകറ, മണ്ഡപം എന്നീ പാടശേഖരങ്ങളിലായി 85 ഹെക്ടറിൽ കൃഷിയിറക്കുന്നതിനായി കൃഷി ഭവനിൽ നിന്നും നെൽവിത്ത് സൗജന്യമായി പാടശേഖരസമിതി വഴി കർഷകർക്ക് നൽകിയിട്ടുണ്ട്. ഇതിൽ കിഴുവിലം, വലിയചിറ ഏലാകളിൽ മാത്രമാണ് ഞാറ്റടി ഒരുക്കി വിത്ത് പാകിയിട്ടുള്ളത്. വെള്ളക്കെട്ട് കാരണം മറ്റ് ഏലായിലെ കർഷകർക്ക് ഞാറ്റടി തയാറാക്കി വിത്ത് വിതക്കുവാൻ കഴിഞ്ഞിട്ടില്ല. ഒരു മാസം മുൻപ് കർഷകർക്ക് വിത്ത് ലഭിച്ചെങ്കിലും ഏലായിലെ വെള്ളക്കെട്ട് മൂലം ഞാറ്റടിയിൽ വിത്ത് പാകുവാൻ കഴിയുന്നില്ല.

സഹായം വേണം

ഞാറ്റടിയിൽ വിത്ത് പാകി അത് മുളച്ച് 28 ദിവസം കഴിഞ്ഞു വേണം കൃഷിയിറക്കുവാൻ. എന്നാൽ, ഇന്നുമുതൽ കാലവർഷം തുടങ്ങുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ അറിയിപ്പും കർഷകർക്ക് മുന്നിലുണ്ട്. കാലവർഷം തുടങ്ങിയാൽ കൃഷിയിറക്കുന്നത് വീണ്ടും നീണ്ടുപോകും. അങ്ങനെ വന്നാൽ, ഇപ്പോൾ ചെയ്യുന്ന കൃഷിക്ക് ശേഷം വരുന്ന കൃഷി കൊയ്തെടുക്കുന്നതിന് മുൻപ് തന്നെ വരൾച്ച ഉണ്ടാകും. അതും കർഷകർക്ക് സാമ്പത്തിക നഷ്ടം വരുത്തും. അതിനാൽ തുടർച്ചയായ നഷ്ടം സഹിക്കുന്ന കർഷകർക്ക് അടിയന്തിരമായി ധനസഹായം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.