kite

തിരുവനന്തപുരം: .പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ വിദഗ്ദ്ധർ പങ്കെടുക്കുന്ന പ്രവേശനോത്സവത്തിന് കൈറ്റ് വിക്ടേഴ്സ് ചാനൽ ഒരുങ്ങി. നാളെ (ജൂൺ ഒന്ന്) രാവിലെ എട്ടു മുതൽ പരിപാടികൾ സംപ്രേഷണം ചെയ്തുതുടങ്ങും. 8.30ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി നിർവഹിക്കും. ചടങ്ങ് വിക്ടേഴ്സ് സംപ്രേഷണം ചെയ്യും.

മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ ആശംസ നേരും.

'ഫസ്റ്റ്ബെൽ 2.0' എന്ന ഡിജിറ്റൽ ക്ലാസിൽ രാവിലെ 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള 'കിളിക്കൊഞ്ചൽ' ക്ലാസ് ആരംഭിക്കും. 11മുതൽ യു.എൻ ദുരന്ത നിവാരണ വിഭാഗം മേധാവി ഡോ.മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ.പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ.ജയപ്രകാശ് തത്സമയ ഫോൺ ഇൻ പരിപാടിയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ജൂൺ രണ്ടു മുതൽ നാലു വരെ നടത്തും. പ്ലസ് ടു ക്ലാസുകൾ ജൂൺ ഏഴു മുതലും ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ ആയിരിക്കും. മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ ലഭ്യമാണെന്ന് അദ്ധ്യാപകർ ഉറപ്പാക്കാനാണ് ട്രയൽ സംപ്രേഷണം.അതു വിലയിരുത്തി പോരായ്മകൾ പരിഹരിച്ചാവും തുടർക്ലാസുകൾ.

അദ്ധ്യാപകക്കും കുട്ടികൾക്കും പരസ്പരം സംവദിക്കാൻ കഴിയുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമും കൈറ്റ് സജ്ജമാക്കിയതായി സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു. ജൂലായിൽ സേവനം ലഭ്യമാവും. മുഴുവൻ ക്ലാസുകളും firstbell.kite.kerala.gov.in പോർട്ടലിൽ കിട്ടും. ടൈം ടേബിളും തുടർച്ചയായി നൽകും.