rvaikumar

തിരുവനന്തപുരം:രോഗികളെ ചികിത്സിക്കുന്നതിൽ സമാനതകളില്ലാത്ത സേവനം കാഴ്ചവച്ച മെഡിസിൻ വിഭാഗം മേധാവി ഡോ.രവികുമാർ കുറുപ്പ് ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പടികളിറങ്ങുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിലെ എക്കാലത്തെയും മാതൃകാ വ്യക്തിത്വമാണ്.

ആഴ്ചയിലൊരു ദിവസമുള്ള അവധിപോലും ഉപേക്ഷിച്ചാണ് രോഗികളെ പരിചരിച്ചത്. 1992ൽ വിവാഹത്തിന് രണ്ട് ദിവസം, 2003ൽ ചിക്കൻ പോക്‌സ് പിടിപെട്ട് അഞ്ചു ദിവസം, 2016ൽ അച്ഛന്റെ മരണത്തെ തുടർന്ന് രണ്ട് ദിവസം. ഇതായിരുന്നു 37വർഷത്തെ സർവീസിലെ അദ്ദേഹത്തിന്റെ അവധിക്കാലം.

പക്ഷേ, കൊവിഡിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തെ കൊവിഡ് വെറുതേവിട്ടില്ല. ഇക്കഴിഞ്ഞ മാർച്ച് എട്ടിന് അദ്ദേഹം കൊവിഡ് ബാധിതനായി. ന്യൂമോണിയ സ്ഥിരീകരിച്ചതോടെ 10 ദിവസം അതീവ ഗുരുതരാവസ്ഥയിൽ ഐ.സി.യുവിൽ നോൺ ഇൻവസീവ് വെന്റിലേറ്ററിൽ. എല്ലാവരിലും ആശങ്ക പടർത്തിയ ദിവസങ്ങൾ. ഫിനിക്‌‌സ് പക്ഷിയെ പോലെ അദ്ദേഹം ഉയിർത്തെഴുന്നേറ്റു. 11-ാം ദിവസം വീട്ടിലെത്തി. രണ്ടാഴ്ച വിശ്രമിച്ചു. വീണ്ടും ആശുപത്രിയിലേക്ക്.

കൊവിഡ് രോഗികളെ നേരിട്ട് സന്ദർശിക്കാനും പരിചരിക്കാനും എല്ലാ ദിവസവും സമയം കണ്ടെത്തിയിരുന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള തന്ത്രം മെനഞ്ഞതിൽ പ്രധാനിയും രവികുമാറാണ്.

തിരുവനന്തപുരം പരുത്തിപ്പാറയിലാണ് വസതി. ആർ.സി.സി ഡയറക്ടർ ഡോ.രേഖ എ.നായരാണ് ഭാര്യ. ഏക മകൾ ഗൗരിദേവികുറുപ്പ് ചെന്നൈയിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.

വിജയത്തിളക്കം

 1974ൽ എസ്.എസ്.എൽ.സിക്ക് ഒന്നാം റാങ്കോടെ തിരുവനന്തപുരം മോഡൽ സ്‌കൂളിൽ നിന്ന് ജയം.

 1981ൽ തിരുവനന്തപുരം മെഡി. കോളേജിൽ നിന്ന് രണ്ടാം റാങ്കോടെ എം.ബി.ബി.എസ്.

 തിരുവനന്തപുരം മെഡി. കോളേജിൽ ഒരേ സമയം അദ്ധ്യാപക ജോലിയും എം.ഡി പഠനവും.

 1992ൽ സി.എം.സി വെല്ലൂരിൽ നിന്ന് ന്യൂറോളജിയിൽ ഡി.എം .

 മെഡി. കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ,പ്രൊഫസർ പദവികളിൽ.

 പ്രമോഷന്റെ ഭാഗമായി ആറുമാസംവീതം രണ്ടുവട്ടം ആലപ്പുഴ മെഡിക്കൽ കോളേജിൽ

 മെഡി. കോളേജിൽ ജെറിയാട്രിക്ക് വിഭാഗം തുടങ്ങാൻ നേതൃത്വം നൽകി.

 മെറ്റബോളിക്ക്,ജെറിയാട്രിക് മെഡിസിൻ വിഭാഗങ്ങളിൽ അതിവിദഗ്ദ്ധൻ

 നിരവധി പുസ്തകങ്ങൾ രചിച്ചു.