dy-an

വെഞ്ഞാറമൂട്: അഞ്ചുവയസുകാരൻ ധ്യാൻ ഓരോ ദിനവും തള്ളിനീക്കുന്നത് കടുത്തവേദന കടിച്ചമർത്തിയാണ്. ചെല്ലഞ്ചി കെ.എസ് ഭവനിൽ ശ്രീജിത്തും ധന്യയുമാണ് ധ്യാനിന്റെ മാതാപിതാക്കൾ. കടുത്ത സമ്പത്തിക ബുദ്ധിമുട്ടിൽ മനം നൊന്ത് കഴിഞ്ഞ ഡിസംബർ 25 ന് ധന്യ വാടകയ്ക്ക് താമസിച്ചിരുന്ന വെഞ്ഞാറമൂട്ടിലെ ഫ്ലാറ്റിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. ഭാര്യയുടെ ദേഹത്ത് തീ പടരുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആളിപ്പടർന്ന തീയിൽ നിലവിളിയ്ക്കുന്ന മാതാവ് ധന്യയെ കെട്ടിപ്പിടിച്ച ധ്യാന് കഴുത്തിന് താഴെ ഗുരുതരമായി പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലായ കുട്ടി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിലെ മാംസ ഭാഗങ്ങൾ അടർന്ന് ഇരിക്കുവാനോ കിടക്കുവാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് ധ്യാൻ.

ധ്യാനിന്റെ ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ധ്യാനിനെ എറണാകുളത്ത് വീട് വാടകയ്ക്കെടുത്താണ് ചികിത്സ നടത്തുന്നത്.

വാടക കൊടുക്കുവാനോ ഭക്ഷണ ചിലവിനോ ചികിത്സയ്ക്കോ നിവൃത്തിയില്ലാതെ സുമനസുകളുടെ സഹായത്തിനായി കൈ നീട്ടുകയാണ് ധ്യാനിന്റെ വല്യച്ഛൻ രഞ്ജിത്ത്. ഹ്യൂമൻ ലൈഫ് പ്രൊട്ടക്ഷൻ മിഷൻ എന്ന മനുഷ്യവകാശ സംഘടനയുമായി സഹകരിച്ചാണ് കുഞ്ഞിന്റെ ചികിത്സ നടന്നുവരുന്നത്. എങ്കിലും ധ്യാൻ പഴയജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ ഏറെനാൾ ചികിത്സ നടത്തേണ്ടിവരും. ധ്യാനിന്റെ ചികിത്സയ്ക്കാക്കായി പനവൂർ ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 40344101047424, ഐ.എഫ്.എസ്.സി - കെ.എൽ.ജി.ബി 0040344 കേരള ഗ്രാമീൺ ബാങ്ക് പനവൂർ ശാഖ. ബന്ധപ്പെടേണ്ട നമ്പരുകൾ രാധാമണി 9446247217 രഞ്ജിത്ത് 9895188100.