വർക്കല: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന അയിരൂർ പൊലീസ് സ്റ്റേഷനിൽ രാപകലില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തരവകുപ്പിനും ആരോഗ്യവകുപ്പിനും കഴിയുന്നില്ല. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ സി.ഐയ്ക്കും അഡിഷണൽ എസ്.ഐയ്ക്ക് ഉൾപ്പെടെ 15 പൊലീസുകാർക്കാണ് കൊവിഡ് ബാധിച്ചത്. രണ്ടാം തരംഗത്തിൽ എസ്.ഐ ഉൾപ്പെടെ 9 പേർക്ക് കൊവിഡ് ബാധിക്കുകയും ഒരു ഗ്രേഡ് എ.എസ്.ഐ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു. കല്ലമ്പലം നാവായിക്കുളം ഡീസന്റ്മുക്ക് വൈരമല ബൈത്തിൽ നൂർ വീട്ടിൽ റഹീം (47) ആണ് മരിച്ചത്.
വർക്കല പൊലീസ് സ്റ്റേഷന്റെ അധികാര പരിധി വിഭജിച്ച് 2012ലാണ് അയിരൂരിൽ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങിയത്. വാടകക്കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം. മേൽക്കൂര ഓട് പാകിയ കെട്ടിടത്തിൽ മഴ പെയ്താൽ ചോർച്ച പതിവാണ്. പൊലീസുകാർ തന്നെ ടാർപ്പോളിൻ വലിച്ചു കെട്ടിയാണ് മഴ നനയാതെ ഇരിക്കുന്നത്. സ്റ്റേഷനിൽ വിശ്രമമുറിയും മതിയായ ടോയ്ലെറ്റ് സൗകര്യവുമില്ല.
കൊവിഡ് കാലത്ത് സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതിന് സ്റ്റേഷനിലെ പരിമിതികൾ അപര്യാപ്തമാണ്.
ജോലി ചെയ്യുന്നത് - എസ്.ഐ, സി.ഐ, മൂന്നു വനിതകൾ ഉൾപ്പെടെ 23 പേർ
ഒഴിവുകൾ നികത്തണം
അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും ഇവരെ ഏറെ വിഷമത്തിലാക്കുകയാണ്. ഒഴിവുള്ള തസ്തികകളിൽ പകരക്കാരെ നിയമിക്കാനും അധികൃതർ തയ്യാറാകുന്നില്ല. 11പേരുടെ ഒഴിവുകളാണ് നിലവിലുള്ളത്. ഒഴിവുകൾ നികത്തി കൂടുതൽ പൊലീസുകാരെ നിയോഗിക്കണമെന്നാവശ്യവും ശക്തമാണ്.
അയിരൂർ പൊലീസ് സ്റ്റേഷനിലെ പോലീസുകാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും നടപടി വേണം. വനിതാജീവനക്കാർ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് കൊവിഡ് വാക്സിനേഷൻ അടിയന്തരമായി നൽകാൻ ആരോഗ്യവകുപ്പും തയ്യാറാവണം. സാമൂഹ്യ അകലംപാലിക്കാൻ കഴിയാത്ത തരത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷൻ മറ്റൊരു സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റേണ്ടതുണ്ട്. ഇതിന് ആരോഗ്യവകുപ്പ് തയ്യാറാകണം.
ഗീതാ നസീർ, തിരു. ജില്ലാ പഞ്ചായത്ത് അംഗം