മുടപുരം: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക സംസ്ഥാന സർക്കാരിന്റെ നയമായിരുന്നിട്ടും നാളെ കിഴുവിലം പഞ്ചായത്തിലെ അണ്ടൂർ ഗവ. എൽ.പി സ്കൂളിൽ നടക്കുന്ന പ്രവേശനോത്സവത്തിൽ അദ്ധ്യാപകർ ഇല്ലാത്ത അവസ്ഥ .50 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ അഞ്ച് അദ്ധ്യാപകരും ഒരു പാർട്ട് ടൈം സ്വീപ്പറുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷം അവസാനിക്കാറായപ്പോൾ എല്ലാ അദ്ധ്യാപകർക്കും സ്ഥലം മാറ്റം വരികയും മറ്റൊരു സ്കൂളിലെ അദ്ധ്യാപികയ്ക്ക് ഈ സ്കൂളിലെ അധിക ചുമതല നൽകുകയും ചെയ്തു.
2014ൽ 24 കുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂളിന്റെ പ്രവർത്തനം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നാട്ടുകാർ വികസനസമിതി രൂപീകരിക്കുകയും കുട്ടികൾക്ക് സഞ്ചരിക്കാനായി ഒരു ബസ് വാടകയ്ക്ക് എടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷം വി. ശശി എം.എൽ.എയുടെ ഫണ്ട് വിനിയോഗിച്ച് സ്കൂൾ ബസ് വാങ്ങി. അദ്ധ്യാപകരെല്ലാം സ്ഥലം മാറ്റപ്പെട്ടതോടു കൂടി ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളെ മറ്റു വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുന്നതിനായി രക്ഷകർത്താക്കൾ ടി.സി ആവശ്യപ്പെടുകയാണ്. എച്ച്.എം ഉൾപ്പെടെ എല്ലാ അദ്ധ്യാപകരെയും ഉടൻ നിയമിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടി നടത്തുമെന്ന് കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ .ആർ. ശ്രീകണ്ഠൻ നായർ മുന്നറിയിപ്പ് നൽകി.
.