ആറ്റിങ്ങൽ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് യുവാവിനെ സുഹൃത്തായ യുവതി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ മംഗലപുരം നിജേഷ് ഭവനിൽ നിതീഷ് ( 30) തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സയിലാണ്. ഇയാളുടെ കഴുത്തിൽ കത്തികൊണ്ട് ആഴത്തിൽ മുറിവേറ്റതു കൂടാതെ കൈകളിലും ശരീരത്തിന്റെ ഇരുവശത്തും കുത്തേറ്റിട്ടുണ്ട്. മുറിവേറ്റ് ഓടിയ നിതീഷിനെ നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്ന് താലക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്രുകയും ചെയ്തു

ഇയ്യാളെ ആക്രമിച്ചെന്ന് സംശയിക്കുന്ന വെഞ്ഞാറമൂട് സ്വദേശി രശ്മിയെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയം കൂടെയുണ്ടായിരുന്ന ഭർത്താവ് കുഞ്ഞുമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ കോരാണി ഷേക്ക് പാലസിനു സമീപത്തായിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ ജിബിയും സംഘവും ഉടൻ സ്ഥലത്തെത്തി രശ്മിയെ പിടികൂടുകയായിരുന്നു. നിതീഷിനെ ആക്രമിക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. അക്ഷയ സെന്റർ ജീവനക്കാരനായ നിതീഷും രശ്മിയും മൂന്നു വർഷമായി സുഹൃത്തുക്കളാണ്. ഭർത്താവും രശ്മിയും ചേർന്ന് ഇയാളെ കോരാണിയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.