online-clss

ക്ളാസ് റൂം കാണാതെ രണ്ടാം വർഷവും

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈൻ ക്ലാസെന്ന പേരിൽ, റെക്കോഡ് ചെയ്ത ടി.വി പരിപാടിയുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുമ്പോൾ, കടുത്ത ആശങ്കയിലാണ് സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും.

നാളത്തെ പ്രവേശനോത്സവത്തിനു പിന്നാലെ ആരംഭിക്കുന്നത് ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന കൈറ്റ് വിക്ടേഴ്സ് ചാനലിലെ റെക്കോ‌ഡ് ചെയ്ത ക്ളാസുകൾ മാത്രം. ജൂലായ് മുതൽ അതത് സ്കൂളുകളിലെ അദ്ധ്യാപകർ ഓൺലൈൻ വഴി ലൈവ് ക്ലാസുകളെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ടെങ്കിലും അതിന് നടപടിയായിട്ടില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകാർക്ക് സ്കൂളുകളിലെ അദ്ധ്യാപകർ ഗൂഗിൾ മീറ്റ് വഴി ലൈവായി പഠിപ്പിക്കുന്ന രീതി ജൂലായിൽ ആരംഭിക്കുന്ന കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ആലോചന. തുടർന്ന് മറ്റ് ഹൈസ്കൂൾ ക്ലാസുകളിലെയും, താഴത്തെ ക്ലാസുകളിലെയും കുട്ടികളെ ഈ രീതിയിൽ പഠിപ്പിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

കഴിഞ്ഞ അദ്ധ്യയന വർഷം പഠിക്കേണ്ടതെല്ലാം കൃത്യമായി പഠിച്ചിട്ടല്ല കുട്ടികൾ ഉയർന്ന ക്ലാസുകളിലെത്തിയിരിക്കുന്നത്. വീട്ടിൽ രക്ഷിതാക്കൾ പഠിപ്പിച്ചവർക്കും ട്യൂഷൻ ലഭിച്ചവർക്കുമാണ് പാഠഭാഗങ്ങളെല്ലാം ശരിക്കും ഉൾക്കൊള്ളാനായത്. അൺ എയ്ഡഡ് സ്കൂളുകൾ പലതും ഓൺലൈൻ ലൈവ് ക്ളാസ് റൂമുകളൊരുക്കിയപ്പോൾ, അതേ രീതിയിൽ ഉത്തരവാദിത്വം നിർവഹിച്ചത് വളരെ കുറച്ച് സർക്കാർ, എയ്ഡഡ് സ്കൂളുകൾ മാത്രം. ടിവി ചാനൽ കണ്ട് കണക്ക്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങൾ ശരിക്കു പഠിക്കാനാവില്ലെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു. വാട്സ് ആപ്പ് ക്ളാസും അനുയോജ്യമാകില്ല.

വെല്ലുവിളികൾ

 എല്ലായിടത്തും നെറ്റ്‌വർക്ക് ലഭിക്കില്ല

 ഡേറ്റാ പെട്ടെന്ന് തീരും

 ഒരു വീട്ടിലെ രണ്ടു കുട്ടികൾക്ക് ഒരേ സമയം ക്ലാസും, വീട്ടിൽ ഒരു ഫോൺ/ടാബ് മാത്രവുമായാൽ

ആദ്യം 10, 12 ക്ലാസുകൾക്കും ക്രമേണ മറ്റ് ക്ലാസുകൾക്കും ഓൺലൈൻ ലൈവ് ക്ലാസ് നൽകാനാണ് ഇപ്പോഴത്തെ തീരുമാനം'

- മുഹമ്മദ് ഹനീഷ്,

സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്

എന്റെ മകൻ കഴിഞ്ഞ വർഷം എട്ടാം ക്ലാസിലായിരുന്നു. രണ്ട് വിഷയത്തിൽ മാത്രമാണ് അവൻ പഠിക്കുന്ന എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർ ഓൺലൈൻ ക്ലാസെടുത്തത്. അസൈൻമെന്റോ ടെസ്റ്റ്പേപ്പറോ ഇല്ല.

- ആർ.കെ. സജിത,

തിരുവല്ലം