rt

വർക്കല: 29 വർഷത്തെ സേവനം പൂർത്തിയാക്കി വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ യു. ലതാകുമാരി ഇന്ന് വിരമിക്കും. വർക്കല ചെറുന്നിയൂർ പൂരം വീട്ടിൽ യു. ലതാകുമാരിയാണ് ഇന്ന് വിദ്യാഭ്യാസ വകുപ്പിൽ നിന്നും പടിയിറങ്ങുന്നത്.

1992ൽ കിളിമാനൂരിലെ കൊടുവഴന്നൂർ സ്കൂളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക അടിസ്ഥാനത്തിലാണ് ഹൈസ്കൂൾ അദ്ധ്യാപികയായി ജോലി ആരംഭിച്ചത്. വിവാഹം കഴിഞ്ഞ് 72-ാം ദിവസം കാൻസർ സംബന്ധമായ അസുഖം കാരണം ടീച്ചറുടെ വലത് കാൾ മുട്ടിനുമുകളിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നു. കൃത്രിമ കാലിന്റെ സഹായത്തോടെയായിരുന്നു പിന്നീടുള്ള ടീച്ചറുടെ ജീവിതം. 1993ൽ "സാർക്ക്" വികലാംഗ വർഷത്തിൽ താത്കാലികമായി സർവീസിലുണ്ടായിരുന്ന മുഴുവൻ പേരെയും സർക്കാർ സ്ഥിരപ്പെടുത്തിയപ്പോൾ ടീച്ചറുടെ ജോലിയും സ്ഥിരമായി. 1995ൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും മികച്ച വികലാംഗ ജീവനക്കാർക്കുള്ള അവാർഡിന് അർഹയായി.

കൊടുവഴന്നൂർ ഹൈസ്കൂൾ, ചെറുന്നിയൂർ ഗവ. ഹൈസ്കൂൾ, വർക്കല ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപികയായിരുന്നു. മഞ്ചേശ്വരം ജി.പി.എം കോളേജിൽ ഗസ്റ്റ് ലക്ച്ചറായും സേവനം ചെയ്തിട്ടുണ്ട്.

2015 ജനുവരിയിൽ കോട്ടയം പൊൻകുന്നം ഗവ. വി. എച്ച്.എസ്.എസിലെ പ്രിൻസിപ്പലായി ചുമതലയേറ്റു. മൂന്ന് മാസത്തിന് ശേഷം വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായി ചുമതലയേറ്റു. സ്കൂളിന്റെ പഠന നിലവാരമുയർത്തുന്നതിനും പൊതു വികസന കാര്യങ്ങളിലും ശ്രദ്ധ ചെലുത്തിയ ലത ടീച്ചർ മറ്റുള്ളവർക്ക് മികച്ച മാതൃകയാണ്. ഭർത്താവ്: ചെറുന്നിയൂർ സജീവൻ (പങ്കൻ). മക്കൾ: ആരോമൽ, ആർച്ച.