നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് രോഗികളെ കൊണ്ട് ജില്ലയിലെ ആശുപത്രികൾ നിറഞ്ഞു വരുമ്പോഴാണ് ബ്ലാക്ക് ഫംഗസിന്റെ വരവും. കഴിഞ്ഞ ദിവസം ജില്ലയിൽ ആദ്യ ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. നേശമണി നഗർ പൊലീസ് സ്റ്റേഷൻ സ്ട്രീറ്റ് സ്വദേശിയാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊവിഡ് നെഗറ്റീവായ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നിലവിൽ ജില്ലയിൽ 5 പേർ ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സയിലാണ്
886 പേർക്ക് കൊവിഡ്
കന്യാകുമാരി ജില്ലയിൽ 886 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 47,966 ആയി. കഴിഞ്ഞ ദിവസം ജില്ലയിൽ 21 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 923 പേർ ഇതുവരെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ ജില്ലയിൽ 7815 പേർ ചികിത്സയിലുണ്ട്. ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ 625 പേരും, സ്വകാര്യ ആശുപത്രിയിലും കൊവിഡ് കെയർ സെന്ററിലുമായി 1978 പേരും, 5212 പേർ വീട്ടിലുമാണ്. 34,800 പേർ രോഗമുക്തരായി.