photo

നെടുമങ്ങാട്: കാൻവാസുകളിൽ വിവിധ വർണങ്ങൾ ചേർത്ത് ചിത്രങ്ങൾ വരയ്ക്കുമ്പോൾ നാടിന്റെ നന്മയ്ക്കായി ഒപ്പം നിൽക്കുന്ന ചില കലാകാരന്മാരുടെ ജിവിതം നിറംമങ്ങുകയാണ്. കൊവിഡ് പോരാട്ടത്തിൽ ബോധവത്കരണ, പ്രചാരണ ദൗത്യങ്ങൾക്ക് തങ്ങളുടെ കഴിവുകളെ മാറ്റിവച്ച പ്രൊഫഷണൽ, കൊമേഴ്‌സ്യൽ ആർട്ടിസ്റ്റുകളും ഗ്രാഫിക് ഡിസൈനർമാരും ജീവിതരേഖ വരച്ചുചേർക്കാൻ പാടുപെടുകയാണ്. ഈ കലാകാരന്മാരാകട്ടെ പ്രതിഫലേച്ഛ കൂടാതെയാണ് സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിരോധ, സന്നദ്ധ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചായം തേക്കുന്നത്. ബോർഡുകളും ബാനറുകളും ലഘുലേഖകളും തയ്യാറാക്കുക മാത്രമല്ല, കൊവിഡ് മുൻകരുതൽ മുൻനിറുത്തിയുള്ള പരസ്യ പ്രക്ഷേപണത്തിന് ഡിജിറ്റൽവാളും ടെലിഫിലിമുകളും പ്രക്ഷേപണ സൗകര്യാർത്ഥമുള്ള സി.ഡികളും സജ്ജമാക്കുന്നത് കലാകാരന്മാരുടെ കൂട്ടായ്മകളാണ്. സേവനത്തിന് പ്രശംസ യഥേഷ്ടം ലഭിക്കുമ്പോഴും ദുരിതപൂർണമാണ് ഇവരുടെ കൊവിഡ്കാല ജീവിതം. സൗജന്യ കിറ്റും റേഷനും കിട്ടുന്നത് കൊണ്ടുമാത്രമാണ് മിക്ക കലാകാരന്മാരുടെയും വീടുകളിൽ അടുപ്പ് പുകയുന്നത്. ഒന്നാം തരംഗത്തിലെ അടച്ചിരിപ്പ് ഘട്ടത്തിൽ ലളിതകലാ അക്കാഡമി ഓരോ ആർട്ടിസ്റ്റിനും മുപ്പത്തിനായിരം രൂപ വീതം വീടുകളിൽ എത്തിച്ചുകൊടുത്തു. ഇതിനു പുറമെ, ചിത്രരചനയ്ക്കുള്ള കാൻവാസും കളറുകളും. വരച്ച ചിത്രങ്ങൾ ലോക്ക് ഡൗണിന് ശേഷം അക്കാഡമി തന്നെ ഏറ്റെടുത്തു. 300- ലേറെ കുടുംബങ്ങൾക്കാണ് ഈ നടപടി ആശ്വാസമായത്. ഇക്കുറി, ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി മൗനം പാലിക്കുകയാണ് അധികൃതർ.

*കച്ചിത്തുരുമ്പാണ് അക്കാഡമി

നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന കലാകാരന്മാർക്ക് ആകെയുള്ള പിടിവള്ളിയാണ് ലളിതകലാ അക്കാഡമി. ഫൈൻ ആർട്സ് കോളേജുകളിൽ നിന്ന് ആയിരത്തിലേറെ പേരും സ്കൂൾ ഒഫ് ആർട്സിൽ നിന്ന് രണ്ടായിരത്തോളം പേരും ഐ.ടി.ഐകളിൽ നിന്ന് ഇതിന്റെ രണ്ടിരട്ടിയോളവും ഓരോ വർഷവും പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റുമായി തൊഴിൽ അന്വേഷിച്ച് പുറത്തിറങ്ങുന്നുണ്ട്. സി-ഡിറ്റിന്റെ ഗ്രാഫിക് ഡിസൈനർ കോഴ്സ് കഴിഞ്ഞിറങ്ങുന്ന ആയിരങ്ങൾ വേറെ. മാസംതോറും അക്കാഡമി നടത്തുന്ന ഏതാനും ക്യാമ്പുകളാണ് പലരുടെയും പ്രതീക്ഷ. പങ്കെടുത്ത് ചിത്രങ്ങൾ വരച്ചുകൊടുത്താൽ മൂവായിരം രൂപ ഓണറേറിയം കിട്ടും. കാമ്പിൽ എത്താനുള്ള ടി.എ, ഫുഡ് ആൻഡ് അക്കമഡേഷൻ തുടങ്ങിയവയും കാൻവാസും കളറും ലഭിക്കും. വരയ്ക്കുന്ന ചിത്രങ്ങൾ അക്കാഡമി ഏറ്റെടുത്ത് വിറ്റു പോയാൽ അതിന്റെ പങ്കും ലഭിക്കും. ചിത്രങ്ങൾ ആവശ്യമുള്ളവരെ സ്വന്തം നിലയിൽ കണ്ടെത്താനും പ്രദർശനങ്ങൾ ഒരുക്കാനും ഇതിനിടയിൽ അവസരം ലഭിക്കുമെന്നതാണ് പ്രധാനം. സർട്ടിഫിക്കറ്റും ഐ.ഡി കാർഡും കിട്ടുന്നതിനാൽ സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഡ്രോയിംഗ് അദ്ധ്യാപകനായും ചേരാം. പ്രശസ്ത കലാകാരൻ നേമം പുഷ്പരാജ് അദ്ധ്യക്ഷനായിവന്നതിനുശേഷം 20 ആർട്ട് ഗാലറികൾ സ്ഥാപിച്ചു. കലാകാരന്മാരെയും കുടുംബാംഗങ്ങളെയും ഇൻഷ്വറൻസ് പരിരക്ഷയുടെ കീഴിൽ കൊണ്ടുവരികയും ചെയ്തു.

ജീവിതമാർഗം നിലച്ച് തൊഴിലാളികൾ

സ്റ്റേജ് കലാകാരന്മാരും

നാടക, ബാലെ ട്രൂപ്പുകളുടെ അടച്ചുപൂട്ടൽ അരങ്ങിലും അണിയറയിലും ഉള്ള കലാകാരന്മാർക്കൊപ്പം പ്രൊഫഷണൽ ആർട്ടിസ്റ്റുകൾക്കും തിരിച്ചടിയായി. കട്ടൗട്ടും കർട്ടനും ചെയ്യുന്നതിന് ലക്ഷങ്ങളുടെ ഓർഡറാണ് ഓരോസീസണിലും ലഭിച്ചിരുന്നത്. ഇവരുൾപ്പെടുന്ന 200 ഓളം സമിതികളാണ് ജില്ലയിലുള്ളത്. ഒരു സമിതിയിൽ കുറഞ്ഞത് 15 അംഗങ്ങളെങ്കിലും ഉണ്ടാവും. വൃശ്ചികം മുതൽ നാല് മാസത്തെ സീസണാണ് ആകെ ലഭിക്കുക. തുടർച്ചയായ അടച്ചിരുപ്പിൽ രണ്ടുവർഷത്തെ സീസണും നഷ്ടമായി.

ആർട്ടിസ്റ്റുകൾ ഉൾപ്പെടുന്ന സമിതികൾ...... 200

ഒരോസമിതിയിലും അംഗങ്ങൾ.. 15 വീതം

ഫ്ളക്സ് യൂണിറ്റുകളും

സ്വയം തൊഴിൽ എന്ന നിലയിൽ ബാങ്ക് വായ്പ എടുത്ത് ഫ്ളക്സ് പ്രിന്റിംഗ് യൂണിറ്റുകൾ ആരംഭിച്ചവരും കടക്കെണിയിലാണ്. ജില്ലയിൽ ലൈസൻസിൽ പ്രവർത്തിക്കുന്ന 150 ഓളം ഫ്ളക്സ് യൂണിറ്റുകളിലായി 500 ലധികം കുടുംബങ്ങളാണ് ജീവിത മാർഗം കണ്ടെത്തിയിരുന്നത്. റെക്കാഡിംഗ് സ്റ്റുഡിയോ കലാകാരന്മാരും ഈ പട്ടികയിൽ വരുന്നവരാണ്. ബാങ്ക് വായ്പയായും മറ്റും പണം കണ്ടെത്തി സ്താപനങ്ങൾ തുടങ്ങിയവർ പലരും ഭരിച്ച ബാദ്ധ്യതകൾക്ക് മുന്നിൽ നിസ്സഹായരാണ്.

ഫ്ളക്സ് പ്രിന്റിംഗ് യൂണിറ്റുകൾ.... 150

യൂണിറ്റിനെ ആശ്രയിച്ച് കഴിയുന്നത് .... 500 ലധികം പേർ

''കൊവിഡ് കാരണം വെക്കേഷൻ കളരികൾ മുടങ്ങി. ആർട്ടിസ്റ്റുകളുടെ ക്ഷേമം മുൻനിറുത്തിയുള്ള നടപടികൾ ചെയർമാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു വരികയാണ്""

--സുഗതകുമാരി (മാനേജർ, കേരള ലളിതകലാ അക്കാഡമി)