തിരുവനന്തപുരം: വൈകിയെങ്കിലും മക്കൾക്ക് വാത്സല്യം വാരിക്കോരി നൽകിയ ഗന്ധർവ്വ കവി വയലാറിന്റെ തൂലികയിൽ മക്കളും കാവ്യബിംബങ്ങളായി തിളങ്ങി നിന്നു. ആ ബിംബങ്ങളിലൊന്നായ സിന്ധുവാണ് കൊവിഡിന്റെ ദുരിത കാലത്ത് വിടവാങ്ങിയത്. ഭൂമിക്ക് ചന്ദ്രകളഭത്തിന്റെ ചാരുത ചാർത്തിയ കവി തന്റെ രണ്ട് മക്കൾക്ക് പേരു കണ്ടെത്തിയതും അങ്ങ് ചന്ദ്രനിൽ നിന്നു തന്നെ. ആദ്യം പുത്രൻ ശരത്ചന്ദ്രവർമ്മ. പിന്നെ പുത്രി ഇന്ദുലേഖ. പുഴകളും നദികളും പൂവനങ്ങളും ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങളായി വരച്ചു കാട്ടിയ കവി അടുത്ത പുത്രിമാർക്ക് യമുനയെന്നും സിന്ധുവെന്നും പേരിട്ടു.
തോപ്പിൽ ഭാസിയുടെ 'അശ്വമേധം ' നാടകത്തെ ആസ്പദമാക്കി 1971-ൽ പുറത്തുവന്ന 'ശരശയ്യ' എന്ന സിനിമയ്ക്കായി വയലാർ എഴുതിയ ' ശാരികേ ശാരികേ സിന്ധുഗംഗാനദീ തീരം വളർത്തിയ ഗന്ധർവ്വ ഗായികേ' എന്ന ഗാനം എം.ജി.രാധാകൃഷ്ണനും മാധുരിയും ചേർന്നാണ് ദേവരാജ സംഗീതത്തിൽ പാടിയത്. അന്ന് സിന്ധുവിന് കഷ്ടിച്ച് നാല് വയസ്. പാട്ട് പാടിയ എം.ജി.രാധാകൃഷ്ണൻ നേരത്തേ പോയി, ഇപ്പോൾ സിന്ധുവും. 1966-ൽ പുറത്തുവന്ന 'അനാർക്കലി 'എന്ന ചിത്രത്തിന് വേണ്ടി വയലാർ എഴുതി എം.എസ്.ബാബുരാജ് ഈണം പകർന്ന് യേശുദാസും ബി.വസന്തയും ആലപിച്ച 'നദികളിൽ സുന്ദരി യമുന' എന്ന ഭാവാർദ്ര ഗാനം മക്കളിൽ മൂന്നാം നമ്പരുകാരിക്ക് വേണ്ടിയായിരുന്നു.
1968-ൽ തിരിച്ചടി എന്ന ചിത്രത്തിലെ ഒരു ഗാനത്തിൽ മകളുടെയും മകന്റെയും പേരുകൾ സന്ദർഭം പോലെ വിളക്കിച്ചേർത്തു. യേശുദാസും പി.സുശീലയും ചേർന്നു പാടിയ പാട്ട് തുടങ്ങുന്നത് 'ഇന്ദുലേഖേ, ഇന്ദുലേഖേ ഇന്ദ്രസദസിലെ ..'എന്നാണ്. സ്വപ്നങ്ങളുറങ്ങാത്ത രാത്രിയെ ശരത്കാല സുന്ദര രാത്രിയായി വിശേഷിപ്പിച്ചത് മകൻ ശരത്തിനോടുള്ള വാത്സല്യം.
വയലാറിന് ഏറെ വൈകാരിക ബന്ധമുള്ള 'സുമംഗലി നീ ഓർമ്മിക്കുമോ' എന്ന ഗാനം തന്റെ കുട്ടിക്കാലത്ത് അച്ഛൻ അരികിൽ നിർത്തി പാടിച്ചിട്ടുള്ളത് വയലാർ ശരത്ചന്ദ്ര വർമ്മ പലപ്പോഴും വേദനയോടെ അയവിറക്കിയിട്ടുണ്ട്.