നെടുമങ്ങാട്: മന്ത്രി ജി.ആർ. അനിൽ കന്യാകുളങ്ങര ഗവൺമെന്റ് ആശുപത്രി സന്ദർശിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. വാമനപുരം ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടുലക്ഷം രൂപയുടെ പ്രതിരോധ മരുന്നുകളും സുരക്ഷാ സാമഗ്രികളും (പി.പി.ഇ കിറ്റ്, സാനിറ്റൈസർ, ഹാൻഡ് വാഷ്) പ്രസിഡന്റ് ജി. കോമളത്തിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി. പ്രമുഖ ബിസിനസ്‌ ഗ്രൂപ്പ് സംഭാവന ചെയ്‌ത ലക്ഷം രൂപയുടെ പ്രതിരോധ ഉപകരണങ്ങളും ഏറ്റുവാങ്ങി. ഡ്രോമ കെയർ യൂണിറ്റ് ഉപകരണങ്ങൾ കെട്ടിക്കിടക്കുന്നതും സ്ഥല പരിമിതിയും സ്റ്റാഫിന്റെ അഭാവവും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ജീവനക്കാരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.