കണ്ണൂർ: തമ്മിൽത്തല്ലി തകരുന്ന കോൺഗ്രസിന് പുതുജീവൻ പകരാൻ കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനായി നിർദേശിച്ച് ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടിയെ നയിക്കാൻ സുധാകരന് കഴിയുമെന്നും സോണിയ ഗാന്ധിയെ അദ്ദേഹം കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. കെ.സുധാകരനുമായി രാഹുൽ ആശയവിനിമയം നടത്തി. അതേസമയം, ഗ്രൂപ്പുകളുടെ സമ്മർദത്തിൽ രാഹുലിന് കടുത്ത അതൃപ്തിയുമുണ്ട്.
എന്നാൽ, കെ. സുധാകരന്റെ വരവ് തടയാൻ ഗ്രൂപ്പ് മറന്ന് എ, ഐ വിഭാഗം കൊണ്ടുപിടിച്ച് ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാൽ സുധാകരന്റെ അപ്രമാദിത്തം അംഗീകരിച്ചു കൊടുക്കേണ്ടി വരുമെന്നാണ് ഇവരുടെ ആശങ്ക. വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കിയ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.
എന്നാൽ, ഹൈക്കമാൻഡിൽ നിർണായക സ്വാധീനമുള്ള കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ രൂപപ്പെടുന്ന വിഭാഗം മറ്റൊരാളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അടക്കമുള്ളവരെ അസ്വസ്തരാക്കുന്നുമുണ്ട്. കോൺഗ്രസിന് പുതിയ മുഖമുണ്ടാകുമെന്നും സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നും കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനം അത്തരത്തിലാണെന്നും ഹൈക്കമാൻഡ് പറഞ്ഞാൽ ഏത് ദൗത്യവും ഏറ്റെടുക്കാൻ തയാറാണെന്നും സുധാകരൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുമ്പേ
വെട്ടിനിരത്തൽ
നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഏറെക്കുറെ ഉറപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയത് എ.ഐ.സി.സി നേതാവാണെന്ന നിഗമനത്തിൽ കെ. സുധാകരൻ നേരത്തെ തന്നെ പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും വേണുഗോപാൽ ഗ്രൂപ്പും സുധാകരന്റെ പ്രസിഡന്റ് സ്ഥാനത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നീക്കങ്ങൾ നടത്തിയിരുന്നു. സുധാകരൻ നേതൃസ്ഥാനത്ത് എത്തിയാൽ തങ്ങൾ അപ്രസക്തമാകുമെന്നായിരുന്നു ഇവരുടെ ആശങ്ക. തന്റെ അദ്ധ്യക്ഷ സ്ഥാനത്തിന് ഉടക്കിട്ടത് ആരാണെന്ന് തനിക്ക് അറിയാമെന്നും ഉചിതമായ സമയത്ത് അതു വെളിപ്പെടുത്തുമെന്നും സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.