തിരുവനന്തപുരം: ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകൾ ഒഴിച്ചിട്ട് അദ്ധ്യയനവർഷം ആരംഭിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് എൻ.ടി.യു ആവശ്യപ്പെട്ടു..
2020 ജനുവരി മുതൽ പി.എസ്.സി നിയമന ശുപാർശയും നിയമന ഉത്തരവും ലഭിച്ച 1632 ഉദ്യോഗാർത്ഥികൾക്ക് ഈ അദ്ധ്യയന വർഷാരംഭത്തിലും നിയമനം നൽകില്ലെന്നാണ് സർക്കാർ പറയുന്നത്. വിദ്യാലയങ്ങൾ തുറന്ന് റെഗുലർ ക്ലാസ്സുകൾ ആരംഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അദ്ധ്യാപക നിയമനം നിഷേധിക്കുന്നത്. തസ്തിക നിർണ്ണയം നടത്തിയിട്ടില്ലെന്ന കാരണത്താൽ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനങ്ങളും അംഗീകരിച്ചിട്ടില്ല .പതിനായിരത്തോളം അദ്ധ്യാപക തസ്തികകളും,രണ്ടായിരത്തോളം പ്രഥമാദ്ധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് എൻ.ടി.യു പ്രസിഡന്റ് പി.എസ് ഗോപകുമാർ പറഞ്ഞു