road-

കാസർകോട്: കാടമന- മാടത്തടുക്ക- വിദ്യാഗിരി പാത പൊട്ടിപ്പൊളിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായി. ബദിയടുക്ക പഞ്ചായത്തിലെ ആറാം വാർഡിലൂടെ കടന്നുപോവുന്ന പ്രധാന റോഡാണ് തകർന്നത്. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ പാത ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ ഇതുവഴിയുള്ള യാത്ര ഏറെ ബുദ്ധിമുട്ടാക്കി.

മൂന്ന് കിലോമീറ്ററോളം വരുന്ന ഈ പാതയിൽ അത്യാവശ്യത്തിന് വിളിച്ചാൽ പോലും ഒരു ഓട്ടോറിക്ഷ വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. മാർത്തോമ്മാ ചർച്ചിന്റെ നിയന്ത്രണത്തിലുള്ള പ്രശാന്തഭവൻ എന്ന വൃദ്ധമന്ദിരവും ഈ വഴിയിലാണ്. പ്രായംചെന്നവരേയും രോഗികളെയും പ്രധാന പാതയിലേക്ക് എത്തിക്കാൻ ഏറെ ദുരിതമനുഭവിക്കേണ്ടി വരുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ജീവൻ പണയംവച്ചാണ് യാത്രചെയ്യുന്നത്. പെർളയിൽ നിന്ന് ബദിയടുക്ക വഴി പോകാതെ എളുപ്പത്തിൽ നാരമ്പാടിയിലെത്താനുള്ള എളുപ്പവഴിയായിരുന്നു ഈ പാത.

കാടമന, മാർത്തനടുക്ക, കദർ, മുടിപ്പനടുക്ക പ്രദേശങ്ങളിലെ കർഷകർ പെർളയിലേക്ക് മലഞ്ചരക്കുമായി പോകേണ്ടത് ഈ റോഡിലൂടെയാണ്. അഞ്ചുവർഷം മുമ്പാണ് ഈ പാതയിൽ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് ടാറിട്ടത്. രണ്ട് വർഷം മുമ്പ് പെയ്ത കനത്ത മഴയിൽ ചെർക്കള -കല്ലടുക്ക അന്തർ സംസ്ഥാന പാതയിൽ ബദിയടുക്കക്കടുത്ത് റോഡിൽ മലയിടിഞ്ഞ് വീണതോടെ ബസടക്കമുള്ള ഭാരമുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടത്തിവിട്ടത്. ഇതോടെ റോഡ് തകർന്ന് തരിപ്പണമാകുകയായിരുന്നു. യാത്രാ പ്രശ്നം രൂക്ഷമായതോടെ പഞ്ചായത്ത് അധികൃതർ ജില്ലാപഞ്ചായത്ത് റോഡ് നവീകരിക്കും എന്നറിയിച്ച് തടിയൂരുകയായിരുന്നു. പിന്നീട് നാട്ടുകാർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെയൊരു പ്രപ്പോസൽ പോലും നീങ്ങിയിട്ടില്ലെന്നറിയുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അറ്റകുറ്റപ്പണികൾ നടത്താൻ നാലുലക്ഷം നീക്കി വച്ചെങ്കിലും റോഡ് ഇതുവരെയും നന്നാക്കിയില്ല. ഇനി ഒരു മഴക്കാലം കൂടി ഈ തകർന്ന പാതയിലൂടെ സഞ്ചരിക്കേണ്ടി വരുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.