വിതുര: വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അനുവദിച്ച ഡയാലിസിസ് യൂണിറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന വി.കെ. മധുവിന്റെ ശ്രമഫലമായാണ് ഡയാലിസിസ് യൂണിറ്റ് അനുവദിച്ചത്. ഇതിനായി കോടികൾ മുടക്കി വാങ്ങിയ ഉപകരണങ്ങളും മറ്റും കാഴ്ചവസ്തുവായി മാറി. ഡയാലിസിസിന് വിധേയരാകേണ്ട വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ പാവപ്പെട്ട രോഗികളും മറ്റും ഇപ്പോൾ നെടുമങ്ങാട്, പേരൂർക്കട, നെയ്യാറ്റിൻകര ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. അടിയന്തരമായി ഡയാലിസിസ് യൂണിറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാനപാർലമെന്ററി ബോഡ് ചെയർമാൻ ചാരുപാറരവിയും, എച്ച്.എം.എസ് വിതുര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മക്കിയിൽ ഷംസുദ്ദീനും ആവശ്യപ്പെട്ടു.