kattana

കേളകം: അടക്കാത്തോട് കരിയംകാപ്പ് യക്ഷിക്കോട്ടയിലെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. ഞായറാഴ്ച രാത്രിയിൽ ജനവാസ കേന്ദ്രങ്ങളിൽ എത്തിയ കാട്ടാനകൾ മേക്കര വിജയമ്മ, മുതുക്കാട്ടിൽ ബെന്നി, ആഞ്ഞിലിവേലിൽ ബിനോയി എന്നിവരുടെ എണ്ണൂറിലധികം വാഴകൾക്ക് പുറമെ തെങ്ങുകളും, കവുങ്ങുകളും, കശുമാവുകളും വ്യാപകമായി നശിപ്പിച്ച ശേഷമാണ് വനത്തിലേക്ക് മടങ്ങിയത്.

ഞായറാഴ്ച രാത്രി ഒരു മണിയോടെ മേക്കര വിജയമ്മയുടെ വീടിന് സമീപത്താണ് ആദ്യം കാട്ടാനകളെത്തിയത്. തുടർന്ന് സമീപത്തെ ബെന്നിയുടെ കൃഷിയിടത്തിലേക്ക് കടന്ന കാട്ടാനക്കൂട്ടം തെങ്ങുകളും കമുകുകളും, വാഴകളും വ്യാപകമായി നശിപ്പിച്ചു. മണിക്കൂറുകളോളം ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളുടെ വിളയാട്ടത്തെക്കുറിച്ച് പ്രദേശവാസികൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും പടക്കം പൊട്ടിച്ച് കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുകയും ചെയ്തു.

കാട്ടാനയിറങ്ങി നാശം വരുത്തിയ കൃഷിസ്ഥലങ്ങൾ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം തുടങ്ങിയവർ സന്ദർശിച്ചു. ആനമതിൽ പാലുകാച്ചി വരെ നീട്ടുകയാണ് പരിഹാരമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.