koyilandi-taluk-ashupathr

കൊയിലാണ്ടി: കൊവിഡ് മൂന്നാം തരംഗത്തിന് മുൻപെങ്കിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ 4,5,6 നിലകൾ പ്രവർത്തന സജ്ജമാകുമോ എന്നാണ് ജനത്തിന്റെ ചോദ്യം. ആറ് നില കെട്ടിടം 2018 ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ മൂന്നു നിലമാത്രമാണ് പ്രവർത്തിച്ചത്. അവശേഷിക്കുന്ന 4,5,6 നിലകൾ പ്രവർത്തിക്കാൻ ഫയർ എൻ.ഒ.സി ഇത് വരെയും ലഭിച്ചിട്ടില്ല. മാത്രമല്ല ഈ കെട്ടിടത്തിന് അനിവാര്യമായ റാമ്പ് സൗകര്യമില്ലാത്തതും പ്രവർത്തനാനുമതി നൽകുന്നതിന് തടസ്സമാണ്.

19 കോടി രൂപ ചെലവിട്ടാണ് ആശുപത്രി കെട്ടിടം പണിതത്. വിഷയം അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മുസ്ലിം ലീഗ് നേതാവ് വി.പി ഇബ്രാഹിം കുട്ടി പറഞ്ഞു. അടിയന്തിരമായി കെട്ടിടം പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ആരോഗ്യ മന്ത്രി വീണ ജോർജിനോട് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപിച്ചപ്പോൾ കൊയിലാണ്ടിയിൽ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് രോഗികളെ കോഴിക്കോട്ടേക്ക് പറഞ്ഞയക്കേണ്ടി വരികയാണ്. ഇപ്പോൾ നഗരസഭ പറയുന്നത് നിലവിൽ റാമ്പ് ഇല്ലാത്ത ഈ കെട്ടിടത്തിൽ സൗകര്യം ഒരുക്കുന്നതിനായി പഴയ ആശുപത്രി കെട്ടിടം പൊളിച്ചു മാറ്റി പുതുതായി ഒമ്പത് നിലകളുള്ള ആശുപത്രി കെട്ടിടം പണിയുമ്പോൾ റാമ്പ് നിർമ്മിക്കാൻ കഴിയുമെന്നാണ്. അതിന് എത്രവർഷം വേണ്ടിവരുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

ഫയർ എൻ.ഒ.സി ലഭിക്കാൻ വേണ്ട സംവിധാനമൊരുക്കാൻ എന്ന് കഴിയുമെന്നും ആർക്കും നിശ്ചയമില്ല. തിരഞ്ഞെടുപ്പ് വേളയിൽ താലൂക്ക് ആശുപത്രിയുടെ കഷ്ടകാലം ആരുടേയും അജണ്ടയിലും വന്നിരുന്നില്ല. കൊവിഡിന്റെ മൂന്നാം തരംഗം വരുന്നതിന് മുമ്പെ 4,5,6 നിലകൾ പ്രവർത്തന സജ്ജമാക്കാൻ ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.