toddy

തിരുവനന്തപുരം: 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഷാപ്പുകളിൽ ഇന്നലെ കള്ളെത്തി. ആവശ്യക്കാർക്ക് എല്ലാവർക്കും കിട്ടിയില്ലെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ കിട്ടുമല്ലോ എന്ന ആശ്വാസത്തോടെയാണ് പലരും മടങ്ങിയത്.

കുട്ടനാട് മേഖലയിൽ മിക്ക ഷാപ്പുകളിലും തൊഴിലാളികൾ ചെത്തു മുടക്കാതിരുന്നതിനാൽ അധികം പേർക്ക് നിരാശരാകേണ്ടിവന്നില്ല. എന്നാൽ, പാലക്കാടൻ കള്ളിനെ ആശ്രയിക്കുന്ന മറ്രു ജില്ലകളിലെ ഷാപ്പുകളിൽ ഇന്നലെ രാവിലെ കള്ള് ലഭ്യമായില്ല. പാലക്കാട്ടേക്ക് പോയ വണ്ടികൾ ഉച്ചയോടെയാണ് കള്ളുമായി എത്തിയത്. കുപ്പികളും കാനുകളുമായി കാത്തു നിൽക്കുന്നവരുടെ ക്യൂ ചില സ്ഥലത്തെങ്കിലും കാണാനായി.

ചില ഷാപ്പുകളിൽ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഒരു കുപ്പി കള്ള് വീതം പ്ളാസ്റ്റിക് കവറിൽ നിറച്ച് റബർ ബാന്റിട്ട് നൽകിയിരുന്നു. ഇത്തവണയും ഇങ്ങനെ നൽകിയേക്കും.

പാലക്കാട് ജില്ലയിൽ ഒരു ലിറ്റർ കള്ളിന് 130 രൂപ വിലയുള്ളപ്പോൾ മറ്റു ജില്ലകളിൽ ഇത് 160 വരെയായി. കുട്ടനാട്ടിൽ നേരത്തെ സ്പെഷ്യൽ കള്ളിന് ലിറ്ററിന് 200 രൂപ വരെ വാങ്ങിയിരുന്നു.

പാലക്കാടൻ കുറവ്

കള്ള് ചെലവില്ലാതെ കമഴ്ത്തിക്കളയേണ്ടി വരുന്നതിനാൽ പാലക്കാട്ട് ചെത്തിൽ കുറവു വരുത്തിയിരുന്നു. തെക്കൻ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള നിരവധി ചെത്തു തൊഴിലാളികൾ അനിശ്ചിതത്വം കാരണം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പ്രതിദിനം രണ്ട് ലക്ഷത്തോളം ലിറ്റർ കള്ളാണ് ഇവിടെ തോപ്പുകളിൽ ഉത്പാദിപ്പിച്ചിരുന്നത്.