മന:ശാസ്ത്രപരമായ വേട്ടയാണ് ഭരണപക്ഷത്തെ ബഹുഭൂരിപക്ഷം പേരും പ്രതിപക്ഷത്തെ ഉന്നമിട്ട് നടത്തുന്നത്. തുടർഭരണം എന്ന പ്രത്യേകമായ അന്തരീക്ഷം കാരണമായിരിക്കാം. 'ക്രിയാത്മകമാകൂ, പ്രതിപക്ഷമേ...' എന്ന് ഭരണപക്ഷത്ത് നിന്നുള്ള മുക്കാലേ അരക്കാലും അംഗങ്ങളും പ്രതിപക്ഷത്തോട് വിളിച്ചുപറഞ്ഞു. ക്രിയാത്മകം എന്ന പദത്തിന് പ്രതിപക്ഷം കല്പിക്കുന്ന മാനം എന്തുതന്നെയായാലും ഭരണപക്ഷത്തിന്റേത് മാത്രമായ നിഘണ്ടുവിൽ അതെങ്ങനെയായിരിക്കും വിവക്ഷിക്കുകയെന്ന് ഇനിയും നിശ്ചയമില്ല. സ്ഥിതി ഇതായിരിക്കെ, വരും ദിവസങ്ങളിൽ 'ക്രിയാത്മകം' എന്ന പദം ഒരു ഘോരപദമായി പ്രതിപക്ഷത്തിന്റെ തലയ്ക്ക് ഭാരമേറ്റാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം നയപ്രഖ്യാപനം അവതരിപ്പിച്ച ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാന് നന്ദി അർപ്പിച്ചുള്ള പ്രമേയമവതരിപ്പിക്കാൻ നിയോഗമുണ്ടായത് മുൻ ആരോഗ്യമന്ത്രി കൂടിയായ കെ.കെ. ശൈലജയ്ക്കാണ്. നിയമസഭയുടെ ചരിത്രത്തിൽ നന്ദിപ്രമേയം അവതരിപ്പിക്കാൻ സാധിച്ച ആദ്യ വനിത. കഴിഞ്ഞ തവണത്തെ ഭരണപക്ഷം ഭരണപക്ഷത്ത് തന്നെയും പ്രതിപക്ഷം പ്രതിപക്ഷത്ത് തന്നെയും തുടരുന്ന സവിശേഷാന്തരീക്ഷമാണ്. ശൈലജയ്ക്ക് അവിടെ മുൻമന്ത്രി പരിവേഷമായിട്ടുണ്ടെങ്കിലും ഒരുവേള അവർ ആരോഗ്യമന്ത്രിയെന്ന മാനസികാവസ്ഥയിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ലേയെന്ന് തോന്നിപ്പോയി. അവതരിപ്പിച്ച ചില കഥാപാത്രങ്ങൾ നടീനടന്മാരെ വിട്ടൊഴിയാത്തത് പോലെ...
വളരെ പ്രതികൂലമായ സാഹചര്യത്തിൽ ഒരു സർക്കാരിന് ജനതയെ എപ്രകാരം ചേർത്തുപിടിക്കാനാവും എന്നതിന് ഉദാഹരണമായി കഴിഞ്ഞ അഞ്ച് വർഷത്തെ പിണറായി ഭരണത്തെ ശൈലജ ഉയർത്തിക്കാട്ടി. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന സമീപനം പ്രതിപക്ഷം ഉപേക്ഷിക്കൂ എന്നവർ അഭ്യർത്ഥിച്ചത് 'ക്രിയാത്മകമാകൂ' എന്ന അർത്ഥത്തിൽ തന്നെ.
മുൻ ദേവസ്വംമന്ത്രിയെന്ന 'വേദന' പേറുന്ന കടകംപള്ളി സുരേന്ദ്രന്റേത് മറ്റൊരു അസ്ഥിത്വ വ്യഥയായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് ശബരിമലപ്രശ്നത്തിൽ ഖേദം പ്രകടിപ്പിച്ചുവെന്ന പഴിക്ക് വിശദീകരണം നൽകാനദ്ദേഹം തുനിഞ്ഞു. യുവതീപ്രവേശനവിധിക്ക് ശേഷമുണ്ടായ സംഘർഷങ്ങളിൽ ഖേദമുണ്ടെന്ന് പറഞ്ഞതിനെ മാദ്ധ്യമങ്ങൾ 'മന്ത്രി മാപ്പ് പറഞ്ഞു'വെന്നാക്കി ചിത്രീകരിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വേദന. അന്ന് താനത് തിരുത്തിയിരുന്നെങ്കിൽ, 'മാപ്പ് പറയില്ലെന്ന് മന്ത്രി' എന്ന് മാദ്ധ്യമങ്ങൾ വീണ്ടും വക്രീകരിച്ചേനെയെന്ന് ചിന്തിച്ചപ്പോൾ, തിരുത്താതിരിക്കുന്നതാണ് ഭേദമെന്നദ്ദേഹം തീരുമാനിച്ചു. അതിലദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല.
കോൺഗ്രസും യു.ഡി.എഫുമില്ലാതെ കേരളം സമർത്ഥമായി മുന്നോട്ട് പോകില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശ്വസിച്ച് ചാരിതാർത്ഥ്യമടഞ്ഞു. ആരോഗ്യവകുപ്പിന്റെ നേട്ടം കോൺഗ്രസ് പണ്ടുമുതൽക്കേ നാട് ഭരിച്ചത് കൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.
മഴ പെയ്ത് തോർന്നാലും മരം പെയ്യുമെന്ന ചൊല്ല് പോലെയാണ്, അക്കൗണ്ടും പൂട്ടിപ്പോയാലും ബി.ജെ.പി സഭയെ വിട്ടൊഴിയില്ല എന്നത്. സഭയ്ക്കകത്തില്ലാത്ത ബി.ജെ.പി, സഭയുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥയെ എവ്വിധം സ്വാധീനിച്ചു എന്നതിൽ തർക്കിച്ച് നേരം കൊല്ലാൻ ഭരണ- പ്രതിപക്ഷ അംഗങ്ങൾ പിശുക്ക് കാട്ടിയതേയില്ല. നന്ദിപ്രമേയ ചർച്ചയുടെ ഒന്നാം ദിനമായതേയുള്ളൂ. ഇനിയും തർക്കിക്കാനെത്ര കാലം കിടക്കുന്നുവെന്ന് ചിന്തിച്ചാൽ ഒരെത്തും പിടിയും കിട്ടില്ല!
പിണറായിക്ക് തുടർഭരണം കിട്ടണമെന്നത് സംഘപരിവാറിന്റെ ആഗ്രഹമായിരുന്നുവെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. ബി.ജെ.പി വോട്ടുകളെങ്ങോട്ട് പോയിയെന്ന മറുചോദ്യമുന്നയിക്കാൻ സി.എച്ച്. കുഞ്ഞമ്പു തൊട്ട് എം. നൗഷാദ് വരെയുണ്ടായിരുന്നു. കല്പറ്റയിൽ നിന്നുള്ള കന്നിയംഗം ടി. സിദ്ദിഖ് ആദ്യപ്രസംഗത്തിൽ മണ്ഡലത്തിന്റെ പൊതുചിത്രം വരച്ചുകാട്ടാൻ സമയം കണ്ടെത്തി. പാവങ്ങളുടെ ഇടമായ മണ്ഡലത്തിന്റെ ശ്രദ്ധയ്ക്ക് പ്രത്യേക ഇടപെടൽ അഭ്യർത്ഥിച്ച അദ്ദേഹം നെഹ്റുവിനെയും എ.കെ.ജിയെയും പ്രസംഗത്തിലുദ്ധരിച്ചു. ലീഗുകാരുടെ ഹൃദയം പിടയ്ക്കുന്നത് ലക്ഷദ്വീപിന്റെ അവസ്ഥ കണ്ടിട്ടല്ലെന്നാണ് പി.വി. അൻവർ പറയുന്നത്. താനും ജലീലും അബ്ദുറഹ്മാനും നന്ദകുമാറുമൊക്കെ ജയിക്കുന്നത് കണ്ടിട്ടാണ്! പിണറായിസർക്കാരിന്റെ രണ്ടാം വരവ് കമ്യൂണൽ ഡിവിഷൻ കൊണ്ടാണെന്ന് സമർത്ഥിച്ച പി.ടി. തോമസ് ഭരണപക്ഷത്തെ ആവോളം പ്രകോപിപ്പിച്ചു. പ്രസവവാർഡ് സ്ത്രീകൾക്ക് മാത്രം എന്നെഴുതേണ്ടാത്തത് പോലെ ബി.ജെ.പിക്കെതിരാണ് ഇടതുപക്ഷമെന്ന് എടുത്തുപറയേണ്ടതില്ലെന്ന ലോജിക് എ.എൻ. ഷംസീറിന്റേതാണ്.
ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും രക്ഷിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. ജനതയുടെ തനതായ ജീവിതരീതികളെയില്ലാതാക്കി കാവി അജൻഡകളും കോർപ്പറേറ്റ് താല്പര്യങ്ങളും അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുമ്പോൾ ഒരു ഭരണകൂടം അത് തട്ടിമാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഡ്രാക്കോണിയൻ നിയമത്തെ അറബിക്കടലിലെറിയണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സ്വരം കടുപ്പിക്കാൻ പ്രതിപക്ഷത്തെ അനൂപ്ജേക്കബും എൻ.ഷംസുദ്ദീനും പി.ടി.തോമസും കൊണ്ടുവന്ന ഒരുവിധപ്പെട്ട ഭേദഗതികളൊക്കെ മുഖ്യമന്ത്രി അംഗീകരിച്ച് കൊടുത്തു. തിബറ്റിൽ കടന്നുകയറി അവിടത്തെ സംസ്കാരത്തെ കമ്മ്യൂണിസ്റ്റ് ചൈന ഇല്ലാതാക്കിയത് പോലെ ലക്ഷദ്വീപിലും എന്ന് പി.ടി. തോമസ് വിശേഷിപ്പിച്ചപ്പോൾ, 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം' എന്ന ചൊല്ല് ആരെങ്കിലും ഓർത്തെങ്കിൽ കുറ്റം പറയാനാവില്ല.