rail

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റെയിൽവേസ്റ്റേഷന്റെ സമഗ്രമായ വികസനത്തിന് വേണ്ടി പ്രതിഷേധിക്കുകയാണ് യാത്രക്കാരടക്കമുള്ള പ്രദേശവാസികൾ. ഇപ്പോഴുള്ള സ്റ്റേഷന്റെ അവസ്ഥ വളരെ ശോചനീയമാണ്. ലോക്ക്ഡൗണായതിനാൽ റെയിൽവേ സ്റ്റേഷൻ പരിസരം സാമൂഹ്യ വിരുദ്ധരുടെയും നാടോടികളുടെയും താവളമാണ്.

കാടും പടർപ്പും കയറി വൃത്തിഹീനമായ അവസ്ഥയിലായതിനാൽ ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും വിഹാര കേന്ദ്രം കൂടിയാണ് സ്റ്റേഷൻ പരിസരം. തെരുവ് വിളക്കുകൾ പ്രവർത്തിക്കാത്തത് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ദുരിതം കൂട്ടുന്നു. സ്റ്റേഷനിൽ പ്രാഥമികാവശ്യങ്ങൾക്കുളള അടിസ്ഥാനസൗകര്യങ്ങളും കുറവാണ്. ടോയ്ലെറ്റ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഒരു സ്ഥിരം സംവിധാനം ഇവിടെയില്ല. പാത ഇരട്ടിപ്പിക്കൽ, സ്റ്റേഷന്റെ സമഗ്ര വികസനം, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് അധികാരികൾക്ക് നിരവധി തവണ നിവേദനം നൽകിയിട്ടും നടപ്പായിട്ടില്ല.

നെയ്യാറ്റിൻകര റെയിൽവേസ്റ്റേഷൻ പരിസരം അടിയന്തരമായി വൃത്തിയാക്കണം. സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണം.

എസ്.കെ. ജയകുമാ‌ർ, ഫ്രാൻ ജനറൽ സെക്രട്ടറി