milk

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം നിർമ്മാണ യൂണിറ്റിൽ ഈ വർഷം മുതൽ പാൽപ്പൊടി ഉത്പാദനം തുടങ്ങും. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും കാരണം കർഷകർക്ക് പാൽ വിൽക്കാനോ ക്ഷീര സംഘങ്ങൾക്ക് തമിഴ്നാട്ടിലും കർണാടകയിലുമെത്തിച്ച് പൊടിയാക്കാനോ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് മലപ്പുറത്തെ പാൽപ്പൊടി പ്ലാന്റിന്റെ നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ചിഞ്ചു റാണി കേരളകൗമുദിയോടു പറഞ്ഞു.
മലപ്പുറത്തെ മൂർക്കനാടാണ് 55 കോടിയുടെ പുതിയ പ്ലാന്റ് നിർമ്മിക്കുന്നത്. ഇതിനായി വിദേശത്തു നിന്ന് ആത്യാധുനിക യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ടെൻഡറും ക്ഷണിച്ചു. ഉയർന്ന ഉത്പാദനമുള്ള സീസണിൽ 1.50 ലക്ഷം ലിറ്റർ പാൽ വരെ കേരളത്തിൽ അധികം വരാറുണ്ട്. പ്രവാസികളുടെ മടങ്ങിവരവ് കേരളത്തിലെ പാലുത്പാദന വർദ്ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് മിൽമയുടെ വിലയിരുത്തൽ.

ഉത്പാദനം കൂടുതൽ മലബാറിൽ

മിൽമ കൂടുതൽ പാൽ സംഭരിക്കുന്നത് മലബാറിലാണ്. പ്രതിദിനം ശരാശരി 7,000,46 ലിറ്റർ പാൽ സംഭരിക്കുമ്പോൾ മലബാറിലെ പ്രതിദിന വില്പന 5,24,467 ലിറ്റർ മാത്രമാണ്. അധികം വരുന്ന 1,75,579 ലിറ്റർ പാൽ ഉത്പാദനം കുറവുള്ള എറണാകുളം തിരുവനന്തപുരം മേഖലകളിലേക്കയയ്ക്കും.

3 മേഖലകളിലെ പാൽ ഉത്പാദനം - വില്പന ലിറ്ററിൽ

 തിരുവനന്തപുരം-4,07,093 - 5,03,181

 എറണാകുളം -3,​36,​330 - 3,56,887

 മലബാർ - 7,00,046 - 5,24,467

ലിറ്ററിന് നഷ്ടം 10 രൂപ

39 രൂപ കർഷകനു പ്രതിഫലമായി നൽകി സംഭരിക്കുന്ന ഒരു ലിറ്റർ പാൽ പൊടിയാക്കുമ്പോൾ മിൽമയ്‌ക്കുണ്ടാകുന്ന നഷ്ടം 10 രൂപയാണ്. ലോക്ക് ഡൗണിനെ തുടർ‌ന്ന് പ്രതിദിനം രണ്ടര ലക്ഷം ലിറ്റർ പാൽ വരെ പൊടിയാക്കാൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നുണ്ട്.

പുന്നപ്ര ഫ്ലാഷ് ബാക്ക്

മിൽമയ്‌ക്ക് പുന്നപ്രയിൽ മുമ്പ് വലിയ പാൽപ്പൊടി പ്ലാന്റുണ്ടായിരുന്നു. പ്രവർത്തനം തുടരാൻ പ്രതിദിനം 50,000 ലിറ്റർ പാൽ ലഭിക്കാതായതോടെ വർഷങ്ങളോളം പ്ലാന്റിന്റെ പ്രവർത്തനം തടസപ്പെട്ടു. ഇവിടത്തെ പഴയ യന്ത്രങ്ങൾ മാറിയ സാങ്കേതികവിദ്യയുടെ കാലത്ത് അപ്രസക്തമായതോടെ ഇവ ഇരുമ്പുവിലയ്ക്കു തൂക്കി വിൽക്കുകയായിരുന്നു.

'പാൽ ഉത്പാദനം ഇനിയും വർദ്ധിപ്പിക്കും. കൂടുതൽ പാൽ ലഭിക്കുന്ന പശുക്കളെ കർഷകർക്ക് വിവിധ പദ്ധതികളിലൂടെ വിതരണം ചെയ്യുന്ന പദ്ധതി ഉടൻ ആരംഭിക്കും".

- ജെ. ചിഞ്ചുറാണി,​ ക്ഷീര വികസനവകുപ്പ് മന്ത്രി