snake

തിരുവനന്തപുരം: മൂന്ന് കൊവിഡ് രോഗികൾ മാത്രമുള്ള വീട്ടിൽ മൂർഖൻ പാമ്പ് പരിഭ്രാന്തി പരത്തി. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഡോക്ടറുടെയും പാമ്പ് പിടിത്തക്കാരന്റെയും ഇടപടലിനെ തുടർന്ന് ആശങ്ക ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.

ശാസ്‌തമംഗലം പൈപ്പിന്മൂട്ടിലെ വീട്ടിലെ ബാത്ത് റൂമിലാണ് മൂർഖൻ കുഞ്ഞിനെ കണ്ടത്. ഭീതിയിലായ വീട്ടുകാർ ഉടൻ ശാസ്‌തമംഗലത്തെ ആർ.ആർ.ടി വോളന്റിയറും പൊതുപ്രവർത്തകനുമായ ശ്രീക്കുട്ടനെ വിവരമറിയിച്ചു. ഇയാൾ ഉടൻ വി.കെ. പ്രശാന്ത് എം.എൽ.എയുടെ കൊവിഡ് കൺട്രോൾ റൂമിൽ വിവരം കൈമാറി. കൊവിഡ് കൺട്രോൾ റൂമിലെ വോളന്റിയർമാർ വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാരുടെ സഹായം തേടി. അതിനിടെ പരിഭ്രാന്തരായ വീട്ടിലെ കൊവിഡ് രോഗികളിൽ ഒരാൾക്ക് അസ്വസ്തത അനുഭവപ്പെടുന്നതായി മറ്റൊരു വിളിയെത്തി. ഇതോടെ കൺട്രോൾ റൂമിലെ ഡോ. യാസീൻ, സാങ്കേതിക സഹായി അഖിൽ ഭുവനേന്ദ്രൻ, വോളന്റിയറായ അരുൺ പണ്ടാരി എന്നിവർ കൊവിഡ് രോഗികളുടെ വീട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും പാമ്പ് പിടിക്കാനെത്തിയ ബാവനും ഒപ്പം ചേർന്നു

നിമിഷനേരം കൊണ്ട് ബാവനെ പി.പി.ഇ കിറ്റ് ധരിപ്പിച്ച് വീട്ടിലേക്ക് കയറ്റി.

ഡോ. യാസീനും അഖിലും രോഗിയെ പരിശോധിച്ച് ആവശ്യമായ പരിചരണം നൽകുന്ന സമയത്ത് ബാവനും അരുണും ചേർന്ന് മൂന്നുമാസം പ്രായമുള്ള മൂർഖനെ പിടികൂടുകയും ചെയ്‌തു. രക്തത്തിലെ ഗ്രൂക്കോസിന്റെ അളവ് കുറഞ്ഞ രോഗിക്ക് ആവശ്യമായ പരിചരണം നൽകി.