വർക്കല: മറ്റൊരു സ്കൂൾ വർഷം കൂടി ഇന്ന് ആരംഭിക്കുകയാണ്. ആതുരകാലത്തെ രണ്ടാമത്തെ അദ്ധ്യയനവർഷത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ വെർച്വലായാണ് ഇത്തവണയും സംസ്ഥാനതലത്തിൽ സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്റി പിണറായി വിജയൻ നിർവഹിക്കും. സ്കൂളുകൾക്ക് സൗകര്യമനുസരിച്ച് 8.30നോ 10നോ പ്രവേശനോത്സവം നടത്താം.

മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു അദ്ധ്യയന വർഷക്കാലം വീടുകളിൽ ചെലവഴിച്ച ഭൂരിപക്ഷം കുട്ടികൾക്കും വെർച്വലായി മാത്രമേ പ്രവേശനോത്സവത്തിൽ പങ്കാളികളാകാൻ കഴിയൂ.

മിക്കവാറും സ്കൂളുകളിൽ കുട്ടികളുടെ അഡ്മിഷൻ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. പൊതു വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്കും മറ്റുമുള്ള പ്രവേശനത്തിന് ലോക്ക്ഡൗണിന് ശേഷവും രക്ഷാകർത്താക്കൾക്ക് സ്കൂളിലെത്താവുന്നതാണ്. സമ്പൂർണ പോർട്ടൽ വഴി ഓൺലൈനായും കുട്ടികൾക്ക് സ്കൂൾ പ്രവേശനം നേടാം. മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ വിദ്യാർത്ഥി പ്രവേശനം തടയരുതെന്നും സ്കൂളുകൾക്ക് നിർദ്ദേശമുണ്ട്. പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് പുറമെ കിഡ്സ് സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കിഡ്സ് സ്കൂളുകൾ എന്ന് തുറക്കാനാവുമെന്ന് പറയാൻ കഴിയില്ല.

മിക്ക സ്കൂളുകളിലും അഡ്മിഷൻ പൂർത്തിയായിട്ടില്ല

സമ്പൂർണ പോർട്ടൽ വഴി ഓൺലൈനായും പ്രവേശനം നേടാം

ഓർമ്മയായി പഴയ സ്കൂൾ തുറപ്പ്

വേനലവധി കഴിഞ്ഞ് പുത്തനുടുപ്പും പുതിയ പുസ്തകങ്ങളും ബാഗും കുടയുമൊക്കെയായി കളിച്ചുചിരിച്ച് സ്കൂളിൽ പോയിരുന്ന കാലം ഓർമ്മയാവുകയാണ്. കാലവർഷത്തിന്റെ ഈറൻ നടവഴികളിലൂടെ പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്നുലസിച്ച് സ്കൂളിൽ പോയിരുന്ന കുട്ടിക്കാലവും ഇനി പോയകാലത്തിന്റെ സ്മൃതി ചിത്രമാവുകയാണ്.

വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ വിദ്യാഭ്യാസം

കുട്ടികൾക്ക് സ്കൂളിൽ പോകാനാവാതെയാണ് ഇത്തവണയും അദ്ധ്യയനവർഷം തുടങ്ങുന്നത്.

വീടുകളുടെ നാല് ചുവരുകൾക്കുള്ളിലേക്ക് ജീവിതവും കുട്ടികളുടെ വിദ്യാഭ്യാസവുമെല്ലാം ഒതുങ്ങിപ്പോയിരിക്കുന്നു. ഉത്സവത്തിന്റെ നിറച്ചാർത്തുകളും മധുരം വിളമ്പലുമൊന്നുമില്ലാതെയാണ് ഈ സ്കൂൾ വർഷവും തുടങ്ങുന്നത്.

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ദുരിതം

പ്ലസ്ടുവിന് പഠിച്ചുകൊണ്ട് പ്ലസ് വൺ പരീക്ഷ എഴുതേണ്ട അവസ്ഥയിലാണ് ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾ. മാർച്ചിൽ നടക്കേണ്ടിയിരുന്ന പ്ലസ് വൺ പരീക്ഷ ആഗസ്റ്റ് പകുതിയോടെ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴിന് ആരംഭിക്കും.

വർക്കല നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പരമാവധി പത്ത് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പ്രവേശനോത്സവം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അഡ്വ. വി. ജോയി എം.എൽ.എ