may31c

ആറ്റിങ്ങൽ: യുവാവിനെ പട്ടാപ്പകൽ നടുറോഡിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി അജീഷ് പിടിയിലായി. വെഞ്ഞാറമൂടിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സംഭവശേഷം കുട്ടിയുമായി രക്ഷപ്പെട്ട അജീഷ് കുട്ടിയെ കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലെത്തിച്ചശേഷം മുങ്ങുകയായിരുന്നു. കേസിലെ രണ്ടാംപ്രതി അജീഷിന്റെ ഭാര്യ പനവൂർ കൊല്ലയിൽ അജിത് ഭവനിൽ ലക്ഷ്‌മിയെ (26)​ റിമാൻഡ് ചെയ്‌തു.
ഗുരുതരാവസ്ഥയിലായ മംഗലപുരം നിജേഷ് ഭവനിൽ നിതീഷ് (30)​ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴി‌ഞ്ഞ ദിവസം ഉച്ചയ്‌ക്ക് 2ഓടെ കോരാണി ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ലക്ഷ്‌മി തന്നെ വിളിച്ചു വരുത്തുകയായിരുന്നെന്നും ഭർത്താവ് അജീഷാണ് (26)​ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
രണ്ടുവർഷമായി നിതീഷും ലക്ഷ്‌മിയും സൗഹൃദത്തിലായിരുന്നു. ഇക്കാര്യം വീട്ടിൽ അറിഞ്ഞതോടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ നിതീഷ് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി ഭർത്താവിനോട് ലക്ഷ്‌മി പറഞ്ഞു. ഈ വൈരാഗ്യത്തിൽ യുവാവിനെ വകവരുത്താനാണ് വിളിച്ചുവരുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അജീഷ് ചന്ദനമോഷണം, പീഡനം,​ കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ലക്ഷ്‌മിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. ഒടുവിൽ ലക്ഷ്‌മിയെ ഇയാൾ വിവാഹം കഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.