വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിലെ ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അപലപിച്ചു. തിങ്കളാഴ്ച ചേർന്ന കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിറോസ് ലാൽ അദ്ധ്യക്ഷതവഹിച്ചു. ഡോക്ടർമാരെ കൈയേറ്റം ചെയ്ത സംഭവം ആവർത്തിക്കരുതെന്നും സംഭവത്തിൽ അപലപിക്കുന്നതായും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഹെൽത്ത് സെന്ററിൽ അടിയന്തരമായി സെക്യൂരിറ്റി കാമറ സ്ഥാപിക്കണമെന്നും അഭിപ്രായമുയർന്നു. ഹെൽത്ത് സെന്ററിൽ വൈകിനടന്നിരുന്ന ആന്റിജൻ ടെസ്റ്റ് രണ്ട് മണിവരെയാക്കി നിജപ്പെടത്തി. യോഗത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സസൺ ജോസഫിൻ മാർട്ടിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ, വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, എ.എം.ഒ ഡോക്ടർ സിജൂ, ഡോക്ടർമാരായ രാമകൃഷ്ണ ബാബു, നിഹാൽ മുഹമ്മദ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.