വെള്ളറട: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ അതിർത്തി ഗ്രാമങ്ങളിൽ തിരക്ക് കൂടി. തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇത് കാരണം ജനങ്ങൾ പനച്ചമൂട് ചെറിയകൊല്ല ,​ കുന്നത്തുകാൽ,​ പ്രദേശങ്ങളിൽ വ്യാപകമായി സാധനങ്ങൾ വാങ്ങാനെത്തിയതോടെയാണ് തിരക്ക് വർദ്ധിച്ചത്. ആഴ്ചകൾക്കു ശേഷം മത്സ്യവുമായി കച്ചവടക്കാരും റോഡുവക്കുകളിൽ സ്ഥാനം പിടിച്ചതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെയായി. അതിർത്തിയിലെ പഞ്ചായത്ത് പ്രദേശങ്ങളിൽ കൊവിഡിന് നേരിയ ശമനം വന്ന് തുടങ്ങിയതേയുള്ളു. വെള്ളറട, കുന്നത്തുകാൽ,​ പഞ്ചായത്തുകളിൽ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടില്ല. തിരക്കുകൾ കൂടിയാൽ ഇനിയും രോഗികൾ വർദ്ധിക്കാൻ സാദ്ധ്യത വളരെ കൂടുതലാണ്.